''ഒരിക്കലും ഒരു സിനിമയുടെയും സ്ക്രിപ്റ്റ് കേൾക്കില്ല, അഭിനയത്തിൽ എനിക്ക് ഗുണമായത് നെടുമുടി വേണുചേട്ടനും തിലകൻ ചേട്ടനും'' - നടൻ വിനായകൻ

ജയിലെറിലെ വർമ്മൻ എന്ന ഏറെ പ്രശംസ നേടിയ വില്ലൻ വേഷത്തിനു ശേഷം വിനായകൻ നായകനാകുന്ന ചിത്രമാണ് 'തെക്ക്- വടക്ക് '.ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച വിനായകൻ നൽകിയ അഭിമുഖം ഇപ്പോൾ ശ്രെദ്ധേയമാണ്. താൻ ഇതുവരെയും ഒരു ചിത്രത്തിന്റെയും സ്ക്രിപ്റ്റ് വായിച്ചിട്ടില്ല എന്ന നടന്റെ തുറന്നുപറച്ചിലാണു സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത്.

''ഞാൻ ഇതുവരെയും ഒരു സിനിമയുടെയും സ്ക്രിപ്റ്റ് കേട്ടിട്ടില്ല. എന്റെ സിനിമ ജീവിതം തീരും വരെയും ഒരു സിനിമയുടെയും സ്ക്രിപ്റ്റ് കേൾക്കില്ല എന്നൊരു നിയമം എനിക്കുണ്ട് ''- വിനായകൻ പറയുന്നു.

ജയിലറിലെ വർമ്മൻ ചെയ്യുന്ന സമയത്ത് അതിന്റെ അണിയറ പ്രവർത്തകർ തന്നെ സമീപിച്ചപ്പോൾ ഒന്ന് രണ്ടു ചോദ്യങ്ങൾ മാത്രമാണ് വിനായകൻ ചോദിച്ചത്. വർമ്മൻ എന്ന കഥാപാത്രം വിദ്യാസമ്പന്നൻ ആണ്, കൂടാതെ വർമ്മന്റെ ശരീര ഭാഷയും ആണ് വിനായകനെ ആ കഥാപാത്രത്തിലേക്ക് കൂടുതൽ ആകർഷിച്ചത്. പുതിയ ചിത്രമായ 'തെക്ക്-വടക്കിൽ' റിട്ടയർഡ് സർക്കാർ ഉദോഗസ്ഥനായ മാധവൻ എന്ന കഥാപാത്രമാണ് വിനായകൻ ചെയ്യുന്നത്. ഈ സിനിമയുടെയും സ്ക്രിപ്റ്റ് താൻ കേട്ടിട്ടില്ല എന്നും, അതിനു പകരം ആ കഥാപാത്രത്തിനെ അവതരിപ്പിക്കാൻ ആവിശ്യമായ കുറച്ചു ചോദ്യങ്ങൾ മാത്രമാണ് സംവിധായകനോട് ചോദിക്കുകയെന്നും വിനായകൻ പറയുന്നു. അഭിനയത്തിൽ തനിക്ക് ഗുണമായത് നെടുമുടി വേണുവും തിലകനും പറഞ്ഞു തന്ന കുറച്ച് പാഠങ്ങളാണ് എന്നും വിനായകൻ അഭിമുഖത്തിൽ പറയുന്നു.

വിനായകൻ കൂടാതെ സൂരജ് വെഞ്ഞാറമൂട്,മെറിൻ ജോസ് പൊട്ടാക്കൽ, കോട്ടയം രമേശ്, വിനീത് വിശ്വം എന്നിവരാണ് തെക്ക്-വടക്കിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഹരീഷ് എസ്സിന്റെ രചനയിൽ പ്രേം ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബർ 4ന് തിയേറ്ററിൽ റിലീസ് ചെയ്യും.ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി കമ്പനിയുടെ 7-മത്തെ നിർമ്മാണ ചിത്രമാണ് വിനായകന്റെ അടുത്ത ചിത്രം. കഴിഞ്ഞ മാസം അവസാനം നാഗർകോവിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ. ചിത്രത്തിൽ വിനായകൻ പോലീസ് വേഷത്തിൽ നായകനായും, മമ്മൂട്ടി വില്ലനായും എത്തുമെന്നാണ് അഭ്യൂഹങ്ങൾ.

Related Articles
Next Story