നാല് ദിവസം ഡാൻസ് ചെയ്ത രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് നിഖിലയ്ക്ക് ലഭിച്ചത്: ശശികുമാർ
നടി രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് ഒറ്റ നോട്ടം കൊണ്ട് നിഖില വിമൽ നേടിയതെന്ന് നടൻ ശശികുമാർ. നിഖില വിമലിന്റെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ശശികുമാർ സംസാരിച്ചത്. ‘അഴകിയ ലൈല’ ഗാനത്തെ കുറിച്ചും ശശികുമാർ പറഞ്ഞു. ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയിൽ സൂപ്പർ ഹിറ്റ് തമിഴ് ഗാനം അഴകിയ ലൈലയുടെ അകമ്പടിയോടെയാണ് നിഖിലയുടെ എൻട്രി.
ഇത് സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡ് ആയി മാറിയിരുന്നു. നിഖിലയെ കുറിച്ച് സംസാരിക്കവെയാണ് ശശികുമാർ രംഭയ്ക്ക് ലഭിക്കാത്ത പ്രശസ്തിയാണ് അഴകിയ ലൈലയിലൂടെ നിഖിലയ്ക്ക് ലഭിച്ചത് എന്ന് പറഞ്ഞിരിക്കുന്നത്. ”അത്രയും വെയിലിൽ നാല് ദിവസം ഡാൻസ് ചെയ്ത രംഭയെ കാര്യമായി ശ്രദ്ധിച്ചില്ല.”
”എന്നാൽ നിഖിലയ്ക്ക് നോക്കുന്ന ഒറ്റ എക്‌സ്പ്രഷൻ വെച്ച് ആ പാട്ടിലൂടെ ശ്രദ്ധ കിട്ടി. റീലുകളിൽ എല്ലാമുണ്ട്. അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്” എന്നാണ് ശശികുമാർ പറയുന്നത്. ശശികുമാറിനൊപ്പം വെട്രിവേൽ, കിടാരി എന്നീ സിനിമകളിൽ നിഖില അഭിനയിച്ചിട്ടുണ്ട്. 2009ൽ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നിഖിലയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് വെട്രിവേൽ.