അന്ന് കാസ്റ്റിംഗ് കൗച്ചിന് പറഞ്ഞിരുന്നേൽ ഞാൻ നയൻതാരയേക്കാളും വലിയ നടിയായേനെ: നിമിഷ ബിജോ
Nimisha Bijo
സിനിമാ- സീരിയൽ രംഗത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി താരങ്ങൾ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയയായ നിമിഷ ബിജോ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.
അന്ന് തനിക്കുനേരെ വന്ന കാസ്റ്റിംഗ് കൗച്ചിന് സമ്മതം മൂളിയിരുന്നെങ്കിൽ താനിന്ന് നയൻതാരയെക്കാൾ വലിയ താരമായി മാറിയേനെ എന്നാണ് നിമിഷ ബിജോ പറയുന്നത്. വലിയ സിനിമകളുടെ ഭാഗമാവാൻ അവസരം ലഭിച്ചപ്പോഴാണ് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായതെന്നും നിമിഷ പറയുന്നുണ്ട്.
“എനിക്ക് വിളി വന്നിട്ടുണ്ട്, ചോദിച്ചിട്ടും ഉണ്ട്. ആ കാസ്റ്റിംഗ് കൗച്ച് ഞാൻ അംഗീകരിച്ചിരുന്നുവെങ്കിൽ ഞാനിന്ന് നയൻതാരയേക്കാളും വലിയ നടിയായേനെ. ഞാൻ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു.
വലിയ സിനിമകളിലേക്ക് വിളിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷെ താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങിയിരുന്നുവെങ്കിൽ ലെവൽ വേറെ ആയേനെ. ബിഗ് ബോസിൽ കയറണം എന്നത് വലിയ ആഗ്രഹമാണ്. കിട്ടിയില്ലെങ്കിലും ഞാൻ അടിപൊളിയായി ജീവിക്കും
എന്റെ കൂടെ ഇപ്പോഴും ചേർന്നു നിൽക്കുന്നത് കുടുംബമാണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ എന്റെ കൂടെ നിന്ന് റീച്ച് നേടിയ ശേഷം അവർക്കൊക്കെ ജാഡയും അഹങ്കാരവും തലക്കനവുമാകും. ഞാൻ ഇപ്പോഴും സിമ്പിളാണ്. അവർ കുറച്ച് ഫെയ്മസ് ആയിക്കഴിഞ്ഞാൽ പിന്നെ വിളിച്ചാലൊന്നും ഫോൺ എടുക്കില്ല, നമ്മളെ അറിയില്ല. തള്ളിപ്പറയലല്ല, കോണ്ടാക്ട് ഉണ്ടാകാറില്ല.
അന്നും ഇന്നും എന്റെ കൂടെ നിൽക്കുന്നത് എന്റെ ഭർത്താവും അച്ഛനും അമ്മയും മക്കളുമാണ്. അവർ തള്ളിപ്പറയില്ല. എല്ലാത്തിനും പിന്തുണയുമായി കൂടെ തന്നെയുണ്ട്. എന്റെ നാട്ടുകാർ എന്നെ കുറ്റം പറയുന്നില്ല. ഞങ്ങളുടെ ക്യാരക്ടർ എന്തെന്നും ഞങ്ങൾ ജനിച്ചു വളർന്നത് എങ്ങനെയാണെന്നും എന്നും അവർക്ക് അറിയാം. നാട്ടിലുള്ളവരൊക്കെ നല്ല പിന്തുണയാണ്. എല്ലാവരും ഫോളോ ചെയ്യുന്നുണ്ട്.” എന്നാണ് നിമിഷ ബിജോ പറഞ്ഞത്.