ഡ്യുപ്പല്ല, എല്ലാം ഒറിജിനൽ: ബിടിഎസ് പുറത്തു വിട്ട് കൽക്കി 2898 എഡി ടീം
പ്രഭാസ്, അമിതാഭ് ബച്ചൻ, തുടങ്ങിയവരുടെ ആക്ഷൻ രംഗങ്ങളുടെ ബിടിഎസ് ആണ് പുറത്തുവന്നിരിക്കുന്നത്.
നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസിനെ നായകനാക്കി റിലീസ് ചെയ്ത കൽക്കി 2898 എഡി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ആദ്യ ദിവസം മുതൽ സിനിമയ്‌ക്ക് മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പ്രഭാസിനെ കൂടാതെ അമിതാബ് ബച്ചൻ, കമൽ ഹസൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. എന്നാൽ ഇപ്പോൾ അണിയറ പ്രവർത്തകർ ആക്ഷൻ രംഗങ്ങളുടെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ടിരിക്കുകയാണ്. പ്രഭാസ്, അമിതാഭ് ബച്ചൻ, തുടങ്ങിയവരുടെ ആക്ഷൻ രംഗങ്ങളുടെ ബിടിഎസ് ആണ് പുറത്തുവന്നിരിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള കലക്കി 2898 എഡിയുടെ ആക്ഷൻ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് ആൻഡി ലോംഗ് ആണ്. എത്രത്തോളം വെല്ലുവിളി നിറച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ പ്രഭാസിനെക്കാൾ മുകളിൽ ആക്ഷൻ രംഗങ്ങൾ അമിതാബ് ബച്ചൻ ചെയ്തു എന്നാണ് സിനിമ കണ്ട പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഈ പ്രായത്തിലും ഇതുപോലെ ചെയ്യാൻ സാധിക്കുന്നതിൽ അത്ഭുതത്തിൽ ആണ് ആരാധകരും.