ക്ഷേത്രങ്ങളിൽ ഇനി സിനിമ ഷൂട്ടിംഗ് പാടില്ല : ഹൈകോടതി
'വിശേഷം' എന്ന സിനിമ ഷൂട്ടിങ്ങിനായി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ അനുമതി നൽകിയിരുന്നു.
ക്ഷേത്രങ്ങൾ സിനിമ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ലന്നും ആരാധനയ്ക്കുള്ള ഇടമാണെന്നും ഹൈകോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ തീരുമാനത്തിനെതിരായ റിട്ട് ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.
ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകൾ ഷൂട്ട് ചെയ്യാൻ അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവിശ്യം. അടുത്തിടെ ക്ഷേത്രം സൂരജ് തോമസ് സംവിധാനം ചെയ്ത 'വിശേഷം' എന്ന സിനിമ ഷൂട്ടിങ്ങിനായി അനുമതി നൽകിയിരുന്നു. സിനിമ സംഘത്തോടൊപ്പം അഹിന്ദുക്കളും ഉണ്ടായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെയും മദ്യപരെയും അനുവദിക്കരുതെന്നു ആവശ്യപെടുന്ന ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. ദിലീപ് മേനോൻ സമർപ്പിച്ച ഹർജിയിൽ ഹിന്ദുമതത്തിൽ വിശ്വസിക്കാത്ത താരങ്ങൾ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നു. ക്ഷേത്രത്തിൻ്റെ പാരമ്പര്യവും ആചാരവും സംരക്ഷിക്കാൻ ദേവസ്വം ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. പകരം, സിനിമാ ഷൂട്ടിങ്ങിൻ്റെ പേരിൽ ക്ഷേത്രത്തിലെ ആചാരങ്ങളോടും പാരമ്പര്യങ്ങളോടും വിശ്വാസമില്ലാത്ത അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. മാത്രമല്ല, ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്ത്രിയോട് ഉദ്യോഗസ്ഥർ കൂടിയാലോചിച്ചിട്ടില്ല. ക്ഷേത്രത്തിൽ മദ്യപിച്ചെത്തുന്നതും ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ഉപയോഗിക്കുന്നതും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.