ഇനി 'ഉലകനായകൻ' 'ആണ്ടവർ' ഒന്നും വേണ്ട: വിളിപ്പേരുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് കമൽഹാസൻ

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് പ്രിഫിക്സുകൾ ചേർക്കുന്ന ഒരു പാരമ്പര്യമുണ്ട്. സൂപ്പർസ്റ്റാർ, മെഗാസ്റ്റാർ, പവർ സ്റ്റാർ എന്നിവയാണ് അത്തരം ചില ശീർഷകങ്ങൾ. നടൻ കമൽഹാസനെ ആരാധകരും സിനിമാപ്രേമികളും 'ഉലകനായകൻ', 'ആണ്ടവർ' എന്നിങ്ങനെയുള്ള പേരുകളിലാണ് വിളിക്കുന്നത്. അദ്ദേഹത്തിൻ്റെ സിനിമകളിൽ പോലും ടൈറ്റിൽ കാർഡുകൾ കാണുന്നത് "ഉലകനായകൻ കമൽഹാസൻ" എന്നാണ്. ഇപ്പോഴിതാ ആ ടൈറ്റിൽ ഉപേക്ഷിക്കാൻ കമൽ ഹാസൻ തീരുമാനിച്ചിരിക്കുകയാണ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ താരം പങ്കുവെച്ച ഔദ്യോഗിക കുറിപ്പിൽ “കലാകാരൻ കലയ്ക്ക് മുകളിൽ ഉയർത്തപ്പെടാൻ പാടില്ല എന്നത് തന്റെ എളിയ വിശ്വാസമാണ്.തന്റെ അപൂർണതകളെക്കുറിച്ചും മെച്ചപ്പെടുത്താനുള്ള തന്റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാൻ താൻ ആഗ്രഹിക്കുന്നു. അതിനാൽ, അത്തരം ശീർഷകങ്ങളോ പേരുകളോ ഉപയോഗിക്കാൻ താല്പര്യപെടുന്നില്ല.

തുടർന്ന് മാധ്യമങ്ങളോടും ആരാധകരോടും ഇനിമുതൽ കമൽഹാസൻ എന്നോ കമൽ എന്നോ കെഎച്ച് എന്നോ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതോടുകൂടി കമൽ ഹാസൻ മണിരത്നം കൂട്ടുകെട്ടിൽ വരാനിരിക്കുന്ന ചിത്രമായ തഗ് ലൈഫിൽ 'ഉലകനായകൻ ' എന്ന ടാഗ് കാണില്ല എന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്. കമൽ ഹാസന്റെ തന്നെ നിർമ്മാണന കമ്പിനിയായ രാജ് കമൽ ഫിലിംസും മദ്രാസ് ടോക്കിസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. STR ,തൃഷ, ഐശ്വര്യ ലക്ഷ്മി,അഭിരാമി, നാസർ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്.

2021ൽ തമിഴ് നടൻ അജിത് കുമാർ 'തല ' എന്ന് തനിക്ക് ആരാധകരും മാധ്യമങ്ങളും നൽകിയ പേര് ഉപേക്ഷിച്ചിരുന്നു.ഇനി അങ്ങനെ വിളിക്കരുതെന്നും, അജിത് കുമാർ,അജിത് അല്ലെങ്കിൽ എ കെ എന്നോ വിളിക്കാനും ആരാധകരോടും പൊതുജനങ്ങളോടും അജിത് അഭ്യർത്ഥിച്ചിരുന്നു.

Related Articles
Next Story