നായികയായി സമാന്ത വേണ്ട! അവസാന ചിത്രത്തിൽ നിന്ന് നായികയെ മാറ്റാൻ ആവശ്യപ്പെട്ട് നടൻ വിജയ്
നടന്റെ അവസാന ചിത്രത്തിലെ നായിക സമാന്ത തന്നെയാണെന്നും വാർത്തകളുണ്ടായിരുന്നു.
അഭിനയം നിർത്തി പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ നിൽക്കുകയാണ് ഇളയ ദളപതി വിജയ്. തമിഴക വെട്രിക്കഴകം എന്ന പാർട്ടി ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് ഏറ്റെടുത്ത സിനിമകൾ ചെയ്തു തീർക്കുന്ന തിരക്കിലാണ് താരം. ഗോട്ട് എന്ന സിനിമയ്ക്ക് ശേഷം അടുത്തത് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയാണ്. സൂപ്പർ താരം അവസാനമായി അഭിനയിക്കുന്ന ചിത്രം ആര് സംവിധാനം ചെയ്യുന്നതായിരിക്കും, ആരായിരിക്കും നടി എന്നൊക്കെയുള്ള ചർച്ചകൾ സജീവമായിരുന്നു. അതിനിടയിലാണ് സമാന്ത റുത്ത് പ്രഭുവിന്റെ പേര് പറഞ്ഞു കേട്ടത്.
കത്തി, തെറി, മെർസൽ എന്നീ സിനിമകളിൽ വിജയ്‌ക്കൊപ്പം ജോഡി ചേർന്ന് അഭിനയിച്ച സമാന്ത, വിജയുടെ ഭാഗ്യ നായികയാണെന്നും, നടന്റെ അവസാന ചിത്രത്തിലെ നായിക സമാന്ത തന്നെയാണെന്നും വാർത്തകളുണ്ടായിരുന്നു. നാലാമതും വിജയ്‌ക്കൊപ്പം സമാന്ത ജോഡി ചേരുന്നു എന്ന വാർത്തകൾ സാം ഫാൻസും ആഘോഷിച്ചതാണ്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ നിന്നും സമാന്തയെ ഒഴിവാക്കി എന്നാണ് കേൾക്കുന്നത്.
കഴിഞ്ഞ ദിവസം സമാന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വൻ വിവാദമായിരുന്നു. മയോസൈറ്റിസ് എന്ന അപൂർവ്വ രോഗത്തെ അഭിമുഖീകരിക്കുന്ന സമാന്ത, തന്റെ സാമ്പത്തിക ശേഷിയും സാഹചര്യവും കാരണം ഒരു ഡോക്ടറുടെ കുറിപ്പടിയും ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഹൈഡ്രജൻ പെറോക്‌സൈഡ് നെബുലൈസ് ചെയ്യുന്നതും ശ്വസിക്കുകയും ചെയ്യുന്നതിനെ പ്രമോട്ട് ചെയ്തിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധം തന്നെയുണ്ടായി.
മില്യൺ കണക്കിന് ആളുകൾ ഫോളോ ചെയ്യുന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഇത്തരത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിച്ച സമാന്തയ്‌ക്കെതിരെ ഡോക്ടേഴ്‌സ് പോലും രംഗത്തെത്തി. ഇത് കാരണം മരണം സംഭവിച്ചാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു പലരുടെയും ചോദ്യം. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയ് തന്റെ അവസാന ചിത്രത്തിൽ സമാന്ത വേണ്ട എന്ന് പറഞ്ഞതെന്നാണ് കോടമ്പക്കത്തു നിന്നും വരുന്ന റിപ്പോർട്ടുകൾ.
സമാന്ത അല്ലെങ്കിൽ കാജൾ അഗർവാളോ, നയൻതാരയോ നായികയായി വരാൻ സാധ്യതയുണ്ട് എന്നാണ് കേൾക്കുന്നത്. പക്ഷെ തൃഷ തന്നെ നായികയായി എത്തണം എന്നാണ് ആരാധകരുടെ ആവശ്യം. വിജയ് യുടെ ഓൺസ്‌ക്രീൻ പെയർ ആയി തങ്ങൾ എപ്പോഴും കാണാൻ ആഗ്രഹിക്കുന്നത് തൃഷയെ ആണെന്നും, അവസാന ചിത്രത്തിൽ തൃഷ നായികയാകണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.