പ്ലാസ്റ്റിക്ക് സർജറി ചെയ്തിട്ടില്ല; വ്യത്യസ്തമായി കാണുന്നതിൽ മറ്റൊരു കാര്യമുണ്ട്: നയൻതാര
താൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി നടി നയൻതാര. ഓരോ വർഷം കഴിയുന്തോറും മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെടുന്നു എന്ന കാര്യം വിശദീകരിച്ചു കൊണ്ടാണ് നയൻതാര സംസാരിച്ചത്. താൻ മുഖത്ത് താൻ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും നയൻതാര പറയുന്നുണ്ട്.
ഓരോ റെഡ് കാർപെറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് നടി വിശദീകരിച്ചു. ‘എനിക്ക് എന്റെ പുരികം ഭംഗിയാക്കുന്നത് ഇഷ്ടമാണ്. അത് മികച്ചതാക്കാൻ ഞാൻ ആവശ്യത്തിന് സമയവും ചിലവഴിക്കാറുണ്ട്. കാരണം ഇത് യഥാർത്ഥ ഗെയിം ചേഞ്ചറാണ്.”
”വർഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകൾ കരുതാൻ കാരണം. പക്ഷേ, പ്ലാസ്റ്റിക് സർജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല. ഇത് തെറ്റാണ്. കൃത്യമായ ഡയറ്റ് ഞാൻ പാലിക്കുന്നുണ്ട്. അതിനാൽ ഭാരത്തിൽ ഒരുപാട് മാറ്റം സംഭവിച്ചു.”
”എന്റെ കവിളുകളിൽ നിങ്ങൾക്ക് നുള്ളി നോക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് നിങ്ങൾക്ക് മനസിലാകും” എന്നാണ് നയൻതാര വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ‘ടെസ്റ്റ്’ എന്ന ചിത്രമാണ് നയൻതാരയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസ് ആകുമെന്നാണ് സൂചന. ‘മണ്ണാങ്കട്ടി സിൻസ് 1960’ ആണ് നടിയുടെതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ‘തനി ഒരുവൻ 2’, ‘മൂക്കുത്തി അമ്മൻ 2’ എന്ന ചിത്രങ്ങളിലാണ് നയൻതാര അഭിനയിച്ചു കൊണ്ടിരിക്കുന്നത്.