ഒരമ്മ പെറ്റ അളിയന്മാർ; സൂര്യയ്ക്കും കാർത്തിക്കുമൊപ്പം ടൊവിനോ
സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. നടൻ ആകാൻ ആഗ്രഹിച്ചു നടന്ന നാളുകളിൽ സൂര്യയും കാർത്തിയും വലിയ പ്രചോദനമായിരുന്നുവെന്നും താരം കുറിച്ചു. ഒരു നടനാകാൻ ആഗ്രഹിച്ചു നടന്ന വർഷങ്ങളിൽ, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളിൽ പ്രചോദനം നൽകിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവിൽ ഇന്ന് നിൽക്കുമ്പോൾ, എന്റെ യാത്രയിൽ അവർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂർവം ഓർക്കാൻ ആഗ്രഹിക്കുന്നു.
സൂര്യയെയും കാർത്തിയെയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം. ഒപ്പം നാളെ റിലീസ് ചെയ്യാനിരിക്കുന്ന കാർത്തിയുടെ മെയ്യഴകന് ഹൃദയം നിറഞ്ഞ ആശംസകൾ!- ടൊവിനോ കുറിച്ചു. സൂര്യയ്ക്കും കാർത്തിക്കും നടുക്ക് നിൽക്കുന്ന ടൊവിനോയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. 'ഒരമ്മ പെറ്റ അളിയന്മാരാണെന്നേ പറയൂ'- എന്നായിരുന്നു നടി സുരഭിയുടെ കമന്റ്. 'റോളക്സ്, മണിയൻ, ഡില്ലി' എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.