കിങ് ഖാന് ഓസ്കർ അക്കാദമിയുടെ സർപ്രൈസ്
ഷാരൂഖ് ഖാൻ ആരാധകർ ഏറെ ആഘോഷിച്ച ചിത്രങ്ങളിലൊന്നാണ് കഭി ഖുഷി കഭി ഗം. ഇപ്പോഴിതാ, ചിത്രത്തിലെ ഷാരൂഖിന്റെ ഇൻട്രോ സീൻ പങ്കുവെച്ചിരിക്കുകയാണ് ഓസ്കർ അക്കാദമി. ഷാരൂഖിന്റെ പിറന്നാൾ ദിനത്തിന്റെ തലേദിവസമാണ് സീക്വൻസ് പങ്കുവെയ്ക്കാൻ അക്കാദമി തിരഞ്ഞെടുത്തതെന്നും ആരാധകരെ സംബന്ധിച്ച് ഇരട്ടിമധുരമായി.
കരൺ ജോഹർ സംവിധാനം ചെയ്ത ഈ ജനപ്രിയ ചിത്രത്തിലെ ഷാരൂഖിന്റെ ഇൻട്രോ സീനാണ് അക്കാദമി പങ്കുവെച്ചിരിക്കുന്നത്. ഹെലികോപ്ടറിൽ നിന്ന് ഇറങ്ങിവരുന്നതായാണ് ഷാരൂഖിന്റെ ഇൻട്രോ. ജയ ഭച്ചൻ അവതരിപ്പിച്ച അമ്മയുടെ കാഴ്ചപാടാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തിരിച്ചെത്തിയ മകൻ വീട്ടുമുറ്റത്ത് കാലുകുത്തുമ്പോൾ അവർ ഉള്ളുകൊണ്ട് അറിയുന്നുണ്ട്. പിന്നീട് പൂജാ താലവും കൈയ്യിലേന്തി അവരെ സ്വീകരിക്കുന്ന അമ്മയുടെ വൈകാരികത നിറഞ്ഞ സീനായിരുന്നു അത്.
കുടുംബ ബന്ധങ്ങളുടെ കഥയായിരുന്നു കഭി ഖുഷി കഭി ഗമ്മിന്റേത്. മാതാപിതാക്കളും മക്കളും സഹോദരങ്ങളുമൊക്കെ തമ്മിലുള്ള ബന്ധത്തിന്റെ കഥ. ചിത്രത്തിൽ ഷാരൂഖിന്റെ അമ്മയായി എത്തുന്നത് ജയാ ബച്ചനാണ്. അമ്മയും മകനും തമ്മിൽ വല്ലാത്തൊരു വൈകാരിക ബന്ധമാണ് ഈ ചിത്രത്തിലുള്ളത്.
ഈ പോസ്റ്റ് തന്നെ തുറന്നു ചിരിപ്പിച്ചു എന്ന് കരൺ ജോഹർ പ്രതികരിച്ചു. കൂടാതെ, നിരവധി ആരാധകരാണ് അക്കാദമിയുടെ കമന്റ് ബോക്സിൽ ആശംസകളുമായെത്തിയത്. ഷാരൂഖിന്റെ കരിയറിലെ ഏറ്റവും മികച്ച ഇൻട്രോ സീനുകളിലൊന്നെന്ന് ആരാധകർ കുറിച്ചു.