പിവി ഷാജികുമാറിന്റെ സാക്ഷി എന്ന കഥ സിനിമയാകുന്നു ...
കഥയുടെ പ്രമേയം ദേവമംഗലം കൊലക്കേസ്
ടേക്ക് ഓഫ് , കന്യകാ ടാക്കീസ്, പുത്തൻ പണം തുടങ്ങീ ചിത്രങ്ങളുടെ തിരക്കഥാരചനയിലൂടെ ശ്രേദ്ധേയയാനായ വി പി ഷാജി കുമാർ അദ്ദേഹത്തിന്റെ പുതിയ സിനിമാ ദൗത്യത്തെകുറിച്ച് സംസാരിക്കുകയാണ്. അദ്ദേഹത്തിന്റെ തന്നെ സാക്ഷി എന്ന കഥയെ ആസ്പദമാക്കി രാഹുൽ ശർമ്മയുടെ സംവിധാനത്തിൽ ഈ വർഷം ഒരു സിനിമയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സിനിമയുടെ രൂപത്തിലേക്കെത്തുന്ന അദ്ദേഹത്തിന്റെ സാക്ഷി എന്ന കഥയ്ക്ക് ഒരു പ്രത്യേകതയുണ്ട്. 32 കൊല്ലം മുൻപ് നടന്ന ദേവലോകം കൊലക്കേസിലെ ആസ്പദമാക്കിയാണ് വി പി ഷാജികുമാർ സാക്ഷി എന്ന കഥയെഴുതുക്കിയത്.
ഈ അടുത്ത കാലത്തായി നരബലിയും മന്ത്രവാദവുമെല്ലാം വാർത്തകളിൽ നിറഞ്ഞപ്പോൾ വീണ്ടും ചർച്ചയായതാണ് 1993 ൽ കാസർകോട്ടെ ബദിയടുക്ക ദേവലോകത്ത് നടന്ന ഇരട്ടക്കൊലപാതകം. കൊലക്കേസിൽ അപൂർവമായി ഒരു പൂവൻകോഴി സാക്ഷിയാകുന്നത് ദേവലോകം ഇരട്ടക്കൊലക്കേസിലാണ്.
കർഷകനായിരുന്ന 45 കാരൻ ശ്രീകൃഷ്ണ ഭട്ട്. അയാളുടെ 35 കാരിയായ ഭാര്യ ശ്രീമതി.
നിധി കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മന്ത്രവാദി ദേവലോകത്തെ ഈ ദമ്പതികളെ കൊന്ന് കുഴിച്ചുമൂടിയത്. കൊലപാതകം നടന്ന് 19 വർഷത്തിന് ശേഷമാണ് കൊലപാതകം നടത്തിയ ബെംഗളൂരുകാരനായ ഇമാം ഹുസൈൻ എന്ന മന്ത്രവാദിയെ ക്രൈം ബ്രാഞ്ച് പിടികൂടുന്നത്. ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇയാളെ പിന്നീട് വെറുതെ വിട്ടു. പൂവൻ കോഴി, കൊലപാതകത്തിന് ദൃക്‌സാക്ഷിയും തെളിവുമായ അപൂർവ കേസ് കൂടെയായിരുന്നു ദേവലോകം കേസ്.
ദേവലോകത്തെ കൊലപാതകം നടന്ന വീട്ടിൽ സ്വർണനിധിയുണ്ടെന്ന് ധരിപ്പിച്ചാണ് ശ്രീകൃഷ്ണ ഭട്ടിൻ്റെ കുടുംബവുമായി ഇമാം ഹുസൈൻ സൗഹൃദം സ്ഥാപിച്ചത്.
ദമ്പതികൾക്ക് പ്രസാദമായി നൽകിയ വെള്ളത്തിൽ ഹുസൈൻ ഉറക്കുഗുളിക ചേർക്കുന്നു.
തുടർന്ന് പറമ്പിലൊരുക്കിയ കുഴിയിൽ ഇറങ്ങിയിരുന്ന് പ്രാർഥിക്കാൻ ആവശ്യപ്പെടുന്നു. കുഴിയിലേക്ക് ഇറങ്ങിയ ദമ്പതികളെ മൺവെട്ടി കൊണ്ട് അടിച്ചു വീഴ്ത്തി കൊലപ്പെടുത്തി. തുടർന്ന് പ്രതി പണവും സ്വർണവും കവർന്ന് രക്ഷപ്പെട്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. വിദ്യാർഥികളായ മൂന്ന് മക്കളും സംഭവം നടക്കുമ്പോൾ വീട്ടിൽ ഉറങ്ങുകയായിരുന്നു.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നേറിയ കേസിൽ, ഇമാം ഹുസൈനെ വീട്ടിൽ ഇറക്കിയ ടാക്സി ഡ്രൈവറും പ്രതിയുടെ കൈയിലുണ്ടായിരുന്ന പൂവൻ കോഴിയും മാത്രമായിരുന്നു സാക്ഷികൾ. കോഴിയെ വളർത്താത്ത വീടിനകത്ത് കൊലക്ക് ശേഷം കോഴിയെ കണ്ടെത്തിയതാണ് കേസിന് വഴിത്തിരിവായത്. പൂവൻകോഴിയെ ഇമാം ഹുസ്സൈൻ മന്ത്രവാദത്തിനായി കൊണ്ട് വന്നതായിരുന്നു . പിന്നീട് ഈ കോഴിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ബദിയടുക്ക പൊലീസ് സ്‌റ്റേഷനിൽ പൊലീസുകാർ അതിനെ തെളിവായി വളർത്തുകയും ചെയ്തു. എന്നാൽ മൂന്നുമാസം കഴിയുമ്പോഴേക്ക് ആ കോഴി ചത്തു. അങ്ങനെ ആ തെളിവും ഇല്ലാതായി. പൂജയ്ക്കായി പ്രതി കൊണ്ടുവന്ന പൂവൻകോഴിയെ സാക്ഷിയായി പരിഗണിച്ച് കോടതിയിൽ ഹാജരാക്കിയതും പിന്നീട് പൊലീസിനോട് സംരക്ഷിക്കാൻ ആവശ്യപ്പെട്ടതും കേസിലെ അപൂർവതയായിരുന്നു.
എന്നാൽ മതിയായ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് 2019 മേയ് 30 ന് ഇയാളെ വെറുതെവിട്ടത്. 30 വർഷങ്ങൾക്ക് മുൻപ് നടന്ന ഈ കൊലപാതകം വീണ്ടും പി വി ഷാജികുമാറിന്റെ സാക്ഷി എന്ന കഥയിലൂടെയും അതിനെ അടിസ്ഥാനമാക്കി ഒരു പുതിയ സിനിമ എടുക്കാൻ പോകുന്നുവെന്ന അദ്ദേഹത്തിന്റെ അഭിമുഖത്തിലൂടെയും ചർച്ചയാവുകയാണ്. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് പുതിയ സിനിമയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അദ്ദേഹം നൽകിയത് .