ആരാധകർക്ക് സർപ്രൈസ് ഒരുക്കി രാജമൗലി: ആർ ആർ ആർ ചിത്രത്തിന്റെ ഡോക്യുമെന്ററി എത്തുന്നു.
RRR: Behind and Beyond എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻ്ററി ഈ മാസം റിലീസിന് ഒരുങ്ങുകയാണ്.
രാജമൗലിയുടെ സംവിധാനത്തിൽ എത്തി രാം ചരണും ജൂനിയർ എൻടിആറും ചേർന്നഭിനയിച്ച് 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് ആർ ആർ ആർ . പാൻ ഇന്ത്യൻ ചിത്രമായി എത്തിയ ആർ ആർ ആർ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ഇതോടെ ചിത്രം ലോക പ്രശസ്തി നേടി. ഇപ്പോൾ ആരാധകർക്ക് സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സംവിധായകൻ എസ് എസ് രാജമൗലി. 'ആർ ആർ ആർ' ഡോക്യുമെന്ററി ആകുന്നു. RRR: Behind and Beyond എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻ്ററി ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. ആർആർആർ സിനിമയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴിയാണ് പ്രഖ്യാപനത്തോടൊപ്പം ഡോക്യുമെൻ്ററിയുടെ പോസ്റ്ററും പങ്കിട്ടത്.
ഷൂട്ടിംഗ് ടേപ്പുകളുടെ കൂമ്പാരത്തിന് നടുവിൽ കസേരയിൽ ഇരിക്കുന്ന രാജമൗലിയെയാണ് പോസ്റ്ററിൽ കണ്ടത്. പ്രഖ്യാപനത്തിൽ കൃത്യമായ റിലീസ് തീയതിയോ ഡോക്യുമെൻ്ററി ഒടിടിയിൽ റിലീസ് ചെയ്യുമോ എന്നോ വ്യക്തമാക്കിയിട്ടില്ല.
രണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് ആർ ആർ ആർ പറയുന്നത്. ₹1000 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്. അതിനോടൊപ്പം നെറ്റ്ഫ്ലിക്സ് സ്റ്റീമിംഗിലൂടെ ചിത്രം പാശ്ചാത്യ പ്രേക്ഷകരെയും വിസ്മയിപ്പിച്ചു.ചിത്രത്തിലെ ഗാനമായ 'നാട്ടു നാട്ടിന്' ബെസ്റ്റ് ഒർജിനൽ ഗാനത്തിനുള്ള ഓസ്കാർ ലഭിച്ചിരുന്നു. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ്സ് ആൻഡ് ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡും നാട്ടു നാട്ടു നേടി. രാം ചരൺ , ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ ,ഒളിവിയ മോറിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം, മഹേഷ് ബാബു നായകനാകുന്ന ചിത്രമാണ് രാജമൗലിയുടെ അടുത്ത ചിത്രം. SSMB എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.