ഫഹദിനെക്കുറിച്ചുള്ള ആ ആശങ്ക രജനി അണിയറക്കാരോടു പറഞ്ഞു

ഫഹദ് ഫാസിലിനെപ്പോലെ സ്വാഭാവിക അഭിനയം കൈവശമുള്ള അഭിനേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് രജനികാന്ത്. അസാധ്യമായ പ്രകടനമാണ് വേട്ടയ്യനിൽ ഫഹദ് കാഴ്ചവച്ചിരിക്കുന്നതെന്നും ഗംഭീര നടനാണ് ഫഹദെന്നും ‘വേട്ടയ്യൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ രജനികാന്ത് പറഞ്ഞു.

‘‘വേട്ടയ്യൻ സിനിമയിലെ എന്റർടെയ്‌നർ ക്യാരക്ടറിനായാണ് ഫഹദ് ഫാസിലിനെ തീരുമാനിച്ചത്. ആർടിസ്റ്റുകളെ തീരുമാനിക്കുന്നതൊന്നും എന്നോട് പറയേണ്ട കാര്യമില്ല. എന്നാൽ, ഈ കഥാപാത്രം ചെയ്യുന്നത് ഫഹദ് ഫാസിൽ ആണെന്ന് എന്നോട് പറഞ്ഞിരുന്നു. ഈ കഥാപാത്രം ഫഹദ് ഫാസിൽ ചെയ്താൽ മാത്രമേ ശരിയാകൂവെന്നും, എങ്ങനെയെങ്കിലും അദ്ദേഹത്തെ ഈ സിനിമയിലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു ആവശ്യം. ഈ കഥയ്ക്ക് അദ്ദേഹം അത്യാവശ്യമാണെന്നും സിനിമയുടെ പിന്നണി പ്രവർത്തകർ പറഞ്ഞിരുന്നു.

എന്നാൽ, ഇത് കേട്ടപ്പോൾ എനിക്ക് അദ്ഭുതമാണ് തോന്നിയത്. കാരണം, ഞാൻ അദ്ദേഹത്തിന്റെ അധികം സിനിമകൾ ഒന്നും കണ്ടിട്ടില്ല. കണ്ടിട്ടുള്ളതാകട്ടെ വിക്രമും മാമന്നനുമാണ്. ഈ രണ്ട് സിനിമയിലും വളരെ സീരിയസും വില്ലൻ സ്വഭാവമുള്ളതുമായി കഥാപാത്രങ്ങളെയാണ് ചെയ്തിട്ടുള്ളത്. ഈ സിനിമയിൽ ആണെങ്കിൽ അദ്ദേഹത്തിന് പറഞ്ഞിരിക്കുന്നത് എന്റർടെയ്‌നറായ ക്യാരക്ടറുമാണ്. ഇത് എങ്ങനെ ശരിയാകുമെന്നായിരുന്നു ഞാൻ ചിന്തിച്ചത്.

ഈ ആശങ്ക ഞാൻ പങ്കുവച്ചപ്പോഴാണ് മറ്റുള്ളവർ പറഞ്ഞത്, സർ അയാളുടെ മലയാള പടങ്ങൾ കാണണം. സൂപ്പർ ആർട്ടിസ്റ്റാണെന്ന്‌. പിന്നീട് എനിക്ക് മനസിലായി അദ്ദേഹം എത്ര മികച്ച നടനാണെന്ന്. ഇതുപോലെ ഒരു നാച്വറൽ ആർസ്റ്റിനെ കാണാൻ കഴിയില്ല, ഇതുവരെ കണ്ടിട്ടുമില്ല.

ഷോട്ടില്ലാത്ത സമയത്ത് അദ്ദേഹത്തെ കാണാൻ പോലും കിട്ടാറില്ല. കാരവനിൽ ഇരിക്കുന്നതെന്നും കണ്ടിട്ടുപോലുമില്ല. എന്നാൽ ഷോട്ട്‌ റെഡിയാകുന്നതോടെ എവിടുന്നെങ്കിലും ഓടിപ്പിടിച്ചെത്തും. പെട്ടെന്ന് ഷോട്ട് തീർത്ത് പോകുകയും ചെയ്യും. അസാധ്യമായ അഭിനയമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. നിങ്ങൾ സിനിമ കാണുമ്പോൾ ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസിലാകും. അദ്ദേഹം ഒരു സൂപ്പർ ആർട്ടിസ്റ്റാണ്.’’– രജനീകാന്ത് പറഞ്ഞു

Related Articles
Next Story