വിവാദങ്ങൾക്കും വെല്ലുവിളികൾക്കിടയിലും ആരാധകർക്ക് നന്ദി അറിയിച്ചു രാം ചരൺ
രാം ചരണിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ചേഞ്ചർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള രാം ചരണിന്റെ ആദ്യ സോളോ ചിത്രമാണ് ഇത്. SS രാജമൗലിയുടെ RRR ആയിരുന്നു രാം ചരണിന്റെ അവസാന ചിത്രം . ശങ്കർ സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ വൻ പ്രേക്ഷക പ്രതീക്ഷയിലായിരുന്നു എത്തിയത്. ചിത്രത്തിന്റെ വിജയത്തിളക്കത്തിൽ ആരാധകർക്കായി ഒരു കുറിപ്പ് രാം ചരൺ പങ്കുവെച്ചിരിക്കുകയാണ്.
“ഈ സംക്രാന്തിക്ക്, ഗെയിം ചേഞ്ചറിനായി ഞങ്ങൾ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങളും യഥാർത്ഥത്തിൽ വിലമതിക്കുന്നതിനുള്ള നന്ദിയാൽ എൻ്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. സിനിമയുടെ വിജയത്തിന് സംഭാവന നൽകിയ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ ഹൃദയംഗമമായ അഭിനന്ദനം.
ഒപ്പം ഗെയിം ചേഞ്ചർ പോലെയുള്ള ഒരു ചിത്രം തയ്യാറാക്കിയതിന് സംവിധായകൻ ശങ്കറിന് നന്ദിയും രാം ചരൺ അറിയിച്ചു.
കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഓൺലൈനിൽ വ്യാജ പതിപ്പ് എത്തിയത് ചിത്രത്തിന് വലിയ വെല്ലുവിളി ആയിരുന്നു. ഉത്തരവാദികൾക്കെതിരെ നിർമ്മാതാക്കൾ കേസെടുത്തിട്ടുണ്ട് . റിപ്പോർട്ടുകൾ പ്രകാരം, സംശയിക്കപ്പെടുന്ന 45 വ്യക്തികളുടെ പട്ടിക ഈ വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കൂടാതെ, ചിത്രത്തിനെതിരെ ആസൂത്രിതമായ ഒരുതരം നെഗറ്റീവ് പ്രചാരണം ആരംഭിച്ചതായി ചൂണ്ടിക്കാട്ടി നിർമ്മാതാക്കൾ മറ്റൊരു പരാതിയും നൽകി. ചിത്രത്തിലെ ചില നിർണായക രംഗങ്ങളും ക്ലിപ്പുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് കാഴ്ചക്കാരുടെ അനുഭവങ്ങളെ തകർക്കുന്ന തരത്തിലാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.