'രമേഷ് നാരായണൻറെ പേര് വിട്ടുപോയിരുന്നു': ഉപഹാര വിവാദത്തിൽ പ്രതികരിച്ച് എംടിയുടെ മകൾ അശ്വതി നായർ
തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങൾ' ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നൽകാനെത്തിയ നടൻ ആസിഫ് അലിയെ സംഗീതഞ്ജൻ രമേഷ് നാരായൺ അപമാനിച്ചുവെന്ന രീതിയിൽ വീഡിയോ വൈറലായിരുന്നു. ഈ അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിൽ സംഗീതം നൽകിയത് പ്രമുഖ സംഗീതജ്ഞൻ രമേഷ് നാരായൺ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങിൽ പുരസ്കാരം നൽകാൻ നടൻ ആസിഫ് അലിയെയാണ് ക്ഷണിച്ചത്.
എന്നാൽ ആസിഫ് അലി പുരസ്കാരം നൽകിയപ്പോൾ അദ്ദേഹത്തെ നോക്കുകയോ ഹസ്താദാനം ചെയ്യുകയോ ചെയ്യാതെ രമേഷ് നാരായൺ താൻ സംഗീതം നൽകിയ ചിത്രത്തിൻറെ സംവിധായകൻ ജയരാജിനെ വിളിച്ച് ഒന്നുകൂടി പുരസ്കാരം വാങ്ങിയെന്നാണ് ആരോപണം. ആസിഫ് അലിയെ രമേഷ് നാരായൺ അപമാനിച്ചുവെന്ന രീതിയിൽ വലിയ തോതിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഇപ്പോൾ വിവാദത്തിൽ പ്രതികരിക്കുകയാണ് സംവിധായികയും എംടിയുടെ മകളുമായ അശ്വതി നായർ. അശ്വതിയും ഈ ആന്തോളജിയിലെ ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. 'വിൽപ്പന' എന്ന ചെറുകഥയാണ് ഇവരുടെ സിനിമ സിനിമയാക്കുന്നത്.
ഇപ്പോൾ ഉണ്ടായ വിവാദ വീഡിയോ തൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അശ്വതി പറഞ്ഞു. ചടങ്ങിൽ ആദരിക്കേണ്ടവരുടെ പേരുകൾ ചടങ്ങ് സംഘടിപ്പിച്ച നിർമ്മാതാക്കളായ സരിഗമയ്ക്ക് നേരത്തെ നൽകിയിരുന്നു. അതിൽ രമേഷ് നാരായണിൻറെ പേരും ഉണ്ടായിരുന്നു എന്നാൽ അവർ അദ്ദേഹത്തെ വിളിക്കാൻ മറന്നുപോയി.
പിന്നീടാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. അപ്പോൾ തന്നെ വേദിയിലെ അങ്കറെ അറിയിച്ചു. ഉടൻ തന്നെ അദ്ദേഹത്തിന് പുരസ്കാരം നൽകാനുള്ള ഏർപ്പാട് ഉണ്ടാക്കി. എന്നാൽ വീണ്ടും വേദിയിലേക്ക് കയറാൻ അദ്ദേഹം തയ്യാറാകാത്തതിനാൽ വേദിക്ക് മുന്നിൽ വച്ചാണ് ഉപഹാരം സമ്മാനിച്ചത്. എന്നാൽ ഉപഹാരം സമ്മാനിക്കുന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നില്ല. പുറത്തേക്ക് പോകേണ്ടി വന്നു. അതിനാൽ എന്താണ് സംഭവിച്ചത് എന്ന് കണ്ടില്ലെന്നും അശ്വതി നായർ പറഞ്ഞു.
അതേ സമയം സംഭവത്തിൽ വിശദീകരണവുമായി രമേഷ് നാരായൺ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നാണ് രമേഷ് നാരായൺ പറയുന്നത്. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആസിഫിനെ വിളിച്ചു സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായൺ പറഞ്ഞു.