രൺബീർ കപൂർ-സായി പല്ലവി-യഷ് ; രാമായണ അണിയറയിൽ ഒരുങ്ങുന്നു...
ചിത്രം രണ്ടു ഭാഗങ്ങളായി ദീപാവലി റിലീസായി 2026, 2027ൽ പുറത്തിറങ്ങും.
ഏറെ കാത്തിരിക്കുന്ന നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം രാമായണ അണിയറയിൽ ഒരുങ്ങുന്നു എന്ന് ഔദ്യോഗികമായി അറിയിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ. പ്രൈം ഫോക്കസ് സ്റുഡിയോസിന്റെ സ്ഥാപകനും സിഇഒയുമായ നമിത മൽഹോത്രയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ ചിത്രത്തിന്റെ വരവ് അറിയിച്ചിരിക്കുന്നത്. ചിത്രം രണ്ടു ഭാഗങ്ങളിലായി ദീപാവലി റിലീസായി ആണ് ഒരുങ്ങുന്നത്. ആദ്യ ഭാഗം 2026ലും രണ്ടാം ഭാഗം 2027ലും റിലീസ് ചെയ്യും.
ബോളിവുഡ് തരാം രൺബീർ കപൂറായിരിക്കും രാമനായി ചിത്രത്തിൽ എത്തുക. തെന്നിന്ത്യൻ താരങ്ങളായ സായി പല്ലവി സീതയായും യഷ് രാവണനായും ചിത്രത്തിൽ എത്തും. എന്നാൽ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാമായണ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള സായി പല്ലവിയുടെയും രൺബീർ കപൂറിന്റെയും ചിത്രങ്ങൾ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അതിനു ശേഷം ചിത്രം നിർത്തിവെച്ചെന്നുള്ള അഭ്യൂഹങ്ങൾ ആരാധകരെ നിരാശരാക്കിയിരുന്നു.
അതേസമയം , കെജിഎഫ് താരമായ യഷ് ചിത്രത്തിൽ തന്റെ കഥാപാത്രം രാവണനായിരിക്കുമെന്നും,ചിത്രം ഉടൻ ഉണ്ടായിരിക്കുമെന്നും ഒരു അഭിമുഖത്തിലൂടെ അറിയിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ സഹ നിർമ്മാണത്തിൽ താനും പങ്കാളിയായിരിക്കുമെന്ന് താരം പറയുന്നു.