പ്രൊഫഷണല്‍ ജീവിതത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്കിടെ സംഘടനയിലെ ഉത്തരവാദിത്തം പ്രയാസകരം : അമ്മ ട്രഷറർ സ്ഥാനം ഒഴിഞ്ഞു ഉണ്ണിമുകുന്ദൻ
പുതിയ സിനിമയായ മാർക്കോയിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. താരമിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) ട്രഷറർ സ്ഥാനത്തുനിന്നും താൻ ഒഴിയുകയാണെന്ന് എന്നാണ് ഉണ്ണിമുകുന്ദൻ പറയുന്നത്.
തൻ്റെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതിനാൽ ആണ് ഈ തീരുമാനം എന്നാണ് ഉണ്ണിമുകുന്ദൻ പറയുന്നത്.
"എന്നെ സംബന്ധിച്ച് ആവേശകരമായ അനുഭവമായിരുന്നു അമ്മയിലെ ഭാരവാഹിത്വം. ഞാന്‍ അത് ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമകളുടെ തിരക്ക് കൂടി. പ്രത്യേകിച്ചും മാര്‍ക്കോ, ഒപ്പം മറ്റ് സിനിമകളുടെയും തിരക്ക്. ഇത് എന്‍റെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. പ്രൊഫഷണല്‍ ജീവിതത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്കിടെ സംഘടനയിലെ ഉത്തരവാദിത്തം കൂടി നിറവേറ്റുക പ്രയാസകരമായിരിക്കും. എന്‍റെയും കുടുംബത്തിന്‍റെയും സൗഖ്യം ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യം ഞാനിപ്പോള്‍ തിരിച്ചറിയുന്നു."
"സംഘടനയില്‍ എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ എന്‍റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ജോലിസംബന്ധമായ തിരക്കുകള്‍ കാരണം മുന്നോട്ട് അത് അസാധ്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഹൃദയഭാരത്തോടെയാണ് ഞാന്‍ രാജിക്കത്ത് നല്‍കിയത്. ഭാരവാഹിത്വത്തിലെ കാലയളവില്‍ എനിക്ക് ലഭിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും ഞാന്‍ ഏറെ നന്ദിയുള്ളവനാണ്. ഈ സ്ഥാനത്തേക്ക് എത്തുന്നയാള്‍ക്ക് എല്ലാവിധ ആശംസകളും", രാജി വിവരം അറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ കുറിപ്പില്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചു.
കഴിഞ്ഞ വർഷമാദ്യം, അമ്മയിലെ നിരവധി പുരുഷ നടന്മാർക്കെതിരെ വനിതാ അഭിനേതാക്കൾ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളിൽ പ്രതിഷേധിച്ചതിനെത്തുടർന്ന് അതിൻ്റെ ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചിരുന്നു. ജോലിസ്ഥലത്തെ പീഡനങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ സംവിധായകൻ രഞ്ജിത്ത്, നടന്മാരായ സിദ്ദിഖ്, മുകേഷ് എന്നിവരുൾപ്പെടെ മലയാള സിനിമയിലെ അറിയപ്പെടുന്ന ചില മുഖങ്ങൾക്കെതിരെ ലൈംഗികാരോപണവുമായി നിരവധി സ്ത്രീ താരങ്ങൾ രംഗത്തെത്തിയിരുന്നു. അസോസിയേഷൻ പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്ന മോഹൻലാൽ പോലും രാജി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഉണ്ണിയുടെ അവസാന ചിത്രമായ മാർക്കോ ഡിസംബർ 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ബോക്‌സ് ഓഫീസിൽ വിജയിക്കുകയും ചെയ്തു.