കങ്കുവയുടെ ഓഡിയോ ലോഞ്ചിൽ സൂര്യ 45ന്റെ അപ്ഡേറ്റുമായി ആർ ജെ ബാലാജി .
നടിപ്പിൻ നായകൻ സൂര്യയുടെ പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ സൂര്യ 45 അപ്ഡേറ്റുമായി ആർ ജെ ബാലാജി. ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നയനാകുന്ന സൂര്യ 45 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ചിത്രം ഒരു ഫാന്റസി ആക്ഷൻ ചിത്രമായിരിക്കുമെന്നായിരുന്നു പോസ്റ്ററിലൂടെ ഉണ്ടായ അഭ്യൂഹങ്ങൾ. #whatareyoucooking എന്ന ഹാഷ്‌ടാഗോടെ ട്വിറ്ററിൽ ( X ) ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾക്കായി ആരാധകർ ചോദ്യമുയർത്തിയിരുന്നു . അവർക്കുള്ള മറുപടിയായാണ് ബാലാജി എത്തിയത്.
താൻ ട്വിറ്ററിലൂടെ ഇത്തരം ഹാഷ് ടാഗുകൾ കണ്ടെന്നും , സൂര്യ 45ൽ എന്തെല്ലാം ഉണ്ടാകുമെന്ന് ആളുകൾക്ക് ആകാംഷയുണ്ടാകുമെന്നും ബാലാജി പറയുന്നു. അതുകൊണ്ട് തന്നെ ഒരു ഗംഭീര മാസ്സ് ചിത്രമായിരിക്കും അടുത്ത വർഷം സൂര്യ 45 ആയി നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് എന്നും ബാലാജി ഉറപ്പ് പറഞ്ഞു.
താൻ വലിയൊരു സൂര്യ ഫാൻ ആണെന്നും ആർ ജെ ബാലാജി പറയുന്നുണ്ട് .കോളേജിൽ പഠിക്കുന്ന സമയത്തു സൂര്യയുടെ 'കാക്ക കാക്ക' എന്ന ചിത്രം കണ്ടായിരുന്നു തുടക്കം. ഇപ്പോൾ സൂര്യയുടെ ചിത്രം സംവിധാനം ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ട്. അടുത്ത കാലത്ത്, തമിഴിലെ ഒരു വലിയ സിനിമാ സംവിധായകന്റെ അസിസ്റ്റൻ്റ് ഡയറക്ടർമാർ തന്നോട് ചോദിച്ചു, ഒരുപാട് വലിയ സംവിധായകരുടെ സ്ക്രിപ്റ്റ് വേണ്ടന്ന് വെച്ചിട്ട് സൂര്യ സാർ നിങ്ങളുടെ പടത്തിനു ഒക്കെ പറഞ്ഞത് എന്തുകൊണ്ടാണെന്ന്. താൻ അതുകേട്ടു പുഞ്ചിരിച്ചു. എങ്കിലും തന്റെ സ്ക്രിപ്റ്റിനെ വിശ്വസിച്ച സൂര്യയ്ക്കു നന്ദിയും ആർ ജെ ബാലാജി പറയുന്നുണ്ട്.
എ ആർ റഹ്മാൻ ആണ് സൂര്യ 45ന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ ആരൊക്കെയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.