റൊമാൻസ് അതിരുകടന്നു; രവിതേജയ്ക്ക് ട്രോളോട് ട്രോൾ
56 വയസുള്ള രവി തേജ 25 വയസുള്ള നായികയ്ക്കൊപ്പം
തെലുങ്ക് പ്രേക്ഷകർ മാസ് മഹാരാജ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് രവി തേജ. ഹരീഷ് ശങ്കർ സംവിധാനംചെയ്യുന്ന മിസ്റ്റർ ബച്ചൻ ആണ് രവിതേജയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഭാഗ്യശ്രീ ബോഴ്സ് ആണ് ചിത്രത്തിൽ രവിതേജയുടെ നായികയായെത്തുന്നത്. ബോളിവുഡ് ഹിറ്റ് ചിത്രമായ ദ റെയ്ഡിന്റെ റീമേക്ക് ആയെത്തുന്ന ചിത്രം ഒരു ഗാനം കൊണ്ട് തന്നെ ട്രോളുകളിൽ നിറയുകയാണ്.
ഈയിടെയാണ് ചിത്രത്തിനുവേണ്ടി മിക്കി ജെ മേയർ ഈണമിട്ട സിതാർ എന്ന ഗാനം പുറത്തിറങ്ങിയത്. എന്നാൽ ഗാനത്തേക്കാൾ ആളുകൾ ശ്രദ്ധിച്ചത് ഗ്ലാമർ അതിപ്രസരവും ആ രംഗത്തിലഭിനയിച്ച നായകന്റെയും നായികയുടേയും പ്രായവുമാണ്. 56 വയസുള്ള രവി തേജ 25 വയസുള്ള നായികയ്ക്കൊപ്പം അതിരുകടന്ന രീതിയിൽ ഗാനരംഗത്തിലെത്തിയത് ആരാധകർക്ക് പരിഹസിക്കാനുള്ള കാരണമായിത്തീർന്നിരിക്കുികയാണ്.
ഗാനം കൊള്ളാമെന്ന് വാദിക്കുന്നുണ്ടവരുണ്ടെങ്കിലും ചില രംഗങ്ങളും നൃത്തച്ചുവടുകളും കണ്ടിരിക്കാനാവില്ലെന്നാണ് പലരും വാദിക്കുന്നത്. ഇത്രയും പ്രായവ്യത്യാസമുള്ള രണ്ടുപേർ ഇതുപോലൊരു ഗാനരംഗത്തിൽ അഭിനയിക്കുന്നതിന്റെ ലോജിക്ക് എന്താണെന്ന് ചോദിക്കുന്നവരുമുണ്ട്.ഇവിടെ നടിയുടെ മുഖം കാണിക്കാൻ പോലും സിനിമാ പ്രവർത്തകർ ശ്രദ്ധിക്കുന്നില്ല, കാരണം അവർക്ക് വേണ്ടത് നടിയെ ഗ്ലാമർ പ്രദർശനത്തിനുള്ള ഒരു വസ്തുവാക്കുക എന്നതാണ് എന്നാണ് ഒരാളുടെ പ്രതികരണം.
നല്ലൊരു കണ്ടന്റ് കിട്ടിയില്ലെങ്കിൽ ഇത്തരം മോശം പ്രവണതകളിലേക്ക് ഇവർ പോകും. ഇത്തരത്തിലുള്ളവയെ തള്ളിക്കളയണമെന്നും നടിയും സംവിധായകനും ഒരുപോലെ വിമർശനം അർഹിക്കുന്നുവെന്നും കമന്റുകളുണ്ട്.