യുവനടി എന്നല്ല, റോഷ്‌ന ആന്‍ റോയി നല്‍കിയ പരാതിയിൽ എന്ന് പറയണം; സൂരജ് പാലക്കാരന്റെ അറസ്റ്റില്‍ പ്രതികരിച്ച് താരം
Roshna Ann Roy
യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വ്‌ലോഗര്‍ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് നടി റോഷ്‌ന ആന്‍ റോയി. ‘യുവനടിയുടെ പരാതിയില്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍’ എന്ന് പറയുന്നതിന് പകരം, പരാതി നല്‍കിയ തന്റെ പേര് പറഞ്ഞു കൊണ്ട് വാര്‍ത്ത നല്‍കണമെന്നാണ് റോഷ്‌ന പറയുന്നത്. തന്റെ പേരിനോടൊപ്പം ‘നടി’ എന്ന് കൂട്ടിച്ചേര്‍ക്കുന്നതിനോട് താല്‍പര്യമില്ലെന്നും റോഷ്‌ന ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ, ഡ്രൈവര്‍ക്കെതിരെ റോഷ്‌ന പ്രതികരിച്ച് എത്തിയിരുന്നു. യദു അശ്ലീല ഭാഷയില്‍ തന്നോട് സംസാരിച്ച സംഭവത്തെ കുറിച്ചാണ് റോഷ്‌ന പറഞ്ഞത്. ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോയിലാണ് സൂരജ് പാലാക്കാരന്‍ റോഷ്‌നയെ അധിക്ഷേപിച്ചത്. റോഷ്‌ന നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് സൂരജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
റോഷ്‌നയുടെ കുറിപ്പ്:
യുവ നടി എന്നൊക്കെ പറയുന്നതെന്തിന്? മാധ്യമ ധര്‍മ്മം. കൃത്യമായി വിനിയോഗിക്കണം… എന്തായാലും നിങ്ങള്‍ ഫെയിം കൂട്ടി ചേര്‍ത്തത് പോലെ ‘നടി റോഷ്‌ന ആന്‍ റോയിയുടെ പരാതിയില്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍’ അങ്ങനെ വേണം കൊടുക്കാന്‍ ! എന്റെ പേരിനോടൊപ്പം ‘നടി’ എന്ന് കൂട്ടിച്ചേര്‍ക്കുന്നതിനോട് യാതൊരു താല്‍പര്യവും എനിക്കില്ല… നടിയെന്ന് കൂട്ടിച്ചേര്‍ക്കുന്നതിലൂടെ എനിക്ക് കിട്ടിയ പ്രഹരങ്ങള്‍ കുറച്ചൊന്നുമല്ല.. ഞാന്‍ കണ്ണടച്ചു… നേരം ഇരുട്ടി വെളുക്കുമ്പോള്‍ ”നടി_…___… ഇവളേത് ?? ഇവളുടെ … ‘ സര്‍വത്ര തെറി അഭിഷേകം …! 5-6 കൊല്ലം സിനിമയില്‍ എന്തെങ്കിലുമൊക്കെ ചെയ്തു അതിന്റെ വരുമാനം കൊണ്ട് ജീവിച്ചതുകൊണ്ട് മാത്രമാണ് സിനി ആര്‍ട്ടിസ്റ്റ് എന്ന് ലേബല്‍ കൊടുത്തിരിക്കുന്നത്…
എന്റെ ആഗ്രഹങ്ങള്‍ എന്റെ പാഷന്‍ നിങ്ങള്‍ക്ക് കൈയിലിട്ടു പന്താടാന്‍ ഉള്ളതല്ല.. സ്ത്രീകള്‍ക്ക് വലിയ പരിഗണന എന്ന് പറച്ചില്‍ മാത്രമേ ഉള്ളൂ… നമ്മളൊക്കെ പബ്ലിക് പ്രോപ്പര്‍ട്ടികള്‍ ആണോ? എന്റെ കുടുംബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാന്‍കഴിയുന്നില്ല… അത് കൊണ്ട് തന്നെയാണ് ഞാന്‍ ഇറങ്ങിയിരിക്കുന്നത്… ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാന്‍ എന്റെ നട്ടെല്ല് റബ്ബര്‍ അല്ലെന്ന് എല്ലാവരും മനസ്സിലാക്കുന്നത് നന്നായിരിക്കും… എന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല…. മറുപടി കൊടുക്കാന്‍ അറിയാഞ്ഞിട്ടുമല്ല… പക്ഷേ ഇതാണ് ശരിയായ രീതി… എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകള്‍?
ഡ്രൈവര്‍ യദുവിനെതിനെതിരെ ഫെയ്‌സ്ബുക്കില്‍ ചെയ്ത കണ്ടന്റിന് വേണ്ടി രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തി ഞാന്‍ മോശക്കാരിയാണെന്ന രീതിയിലുള്ള എത്ര വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറങ്ങി… എത്ര മോശം കമന്റുകള്‍ വന്നു. സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്നു മനസ്സിലാക്കുക . ഞാന്‍ ഉള്‍പ്പെടുന്ന സ്ത്രീ സമൂഹത്തോടാണ് എനിക്ക് പറയാനുള്ളത്…. നിങ്ങള്‍ ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ക്ക് കൃത്യമായ മറുപടി കൊടുക്കണം… ഇവരെ പോലുള്ളവര്‍ക്ക് കുടുംബമെന്നോ കുട്ടിയെന്നോ അമ്മയെന്നോ ഉള്ള യാതൊരു പരിഗണനയും ഉണ്ടാവില്ല…
അവര്‍ക്ക് ഒരു ദിവസത്തെ വെറുമൊരു കോണ്ടന്റ് മാത്രമാണ് എന്നെ പോലുള്ളവര്‍… എന്റെ സ്ത്രീത്വത്തെയും ചോദ്യം ചെയ്തു എനിക്ക് മാനസിക സമാധാനം നഷ്ടപ്പെടുത്തി എനിക്ക് നേരെ വന്നവര്‍ക്കുള്ള ഒരു വാര്‍ണിങ് തന്നെയാണ് ഈ നടപടി. ഇങ്ങനെ ഓരോരുത്തരെ വിറ്റ് കാശ് മേടിച്ചു ജീവിക്കുന്നവര്‍ ഒരുപാട് ഉണ്ട് സമൂഹത്തില്‍…. നാളെ എന്റെ മകള്‍ക്കോ അമ്മക്കോ എന്നെ പോലുള്ള ആര്‍ക്കെങ്കിലുമൊക്കെ ഈ അവസ്ഥ വരും… തളരരുത്.. പൊരുതണം… പൊരുതി ജയിക്കണം.. ഇതൊക്കെ പറഞ്ഞാലും ഇവരിത് തുടര്‍ന്ന് കൊണ്ടിരിക്കും…
ഇപ്പോള്‍ തന്നെ ജാമ്യത്തില്‍ പുറത്തുവരികയും ചെയ്യും.. എന്നാലും കുറച്ച് നേരമെങ്കിലും ബുദ്ധിമുട്ടിക്കണമല്ലോ… ‘നിനക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചു ഇപ്പോ വരും ചെലോന്മാര്…’ എടോ എന്റെ പണി ഇതല്ല… പക്ഷേ ഇവനൊക്കെ ഇതല്ലേ പണി… ഇവന്‍ ഇപ്പോ ഇന്ന് ചാനല്‍ നിറഞ്ഞു നില്‍ക്കട്ടെ… ജീവിക്കാന്‍ വേറെ വഴിയില്ലാത്തവര്‍ ഇങ്ങനൊക്കെയാണ്… ഞാന്‍ ശരിയല്ലാത്ത വഴിയിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം… എന്റെ സത്യത്തിനും നീതിക്കും വേണ്ടി പൊരുതും… അതിന് വേണ്ടി ഏതറ്റം വരെയും പോകും.