ദേശീയ അവാർഡ് നൽകേണ്ടിരുന്നത് സായ് പല്ലവിക്കോ? പ്രതികരിച്ച് നിത്യ മേനൻ
'തിരുചിത്രമ്പലം' ചിത്രത്തിലെ ശോഭന എന്ന കഥാപാത്രത്തിന് നിത്യ മേനോന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ഗാർഗി സിനിമയിലെ അഭിനയത്തിന് സായ് പല്ലവിക്ക് ലഭിക്കേണ്ടതായിരുന്നു ആ ദേശീയ പുരസ്‍കാരം എന്നായിരുന്നു പ്രതികരണം. ഈ വിമർശനത്തോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നിത്യ മേനൻ.
'ആളുകൾക്ക് എപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. അവാർഡുകൾ ലഭിച്ചില്ലെങ്കിൽ സിനിമ ചെയ്യുന്നില്ല എന്ന് പറയും. ലഭിച്ചാൽ ആ സിനിമയ്ക്ക് ആയിരുന്നില്ല ലഭിക്കേണ്ടതെന്ന് പറയും. നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ എന്തുകൊണ്ടാണ് ലഭിക്കാതിരുന്നതെന്ന് ചോദ്യങ്ങൾ ഉണ്ടാകും. അങ്ങനെ എപ്പോഴും വിമർശനങ്ങൾ ഉണ്ടാകും,' നിത്യ മേനൻ പറഞ്ഞു.
ദേശീയ പുരസ്കാരം ഒരു ഉത്തരവാദിത്തമല്ല മറിച്ച് ആഘോഷിക്കേണ്ടതും സന്തോഷിക്കേണ്ടതുമായ നിമിഷമായാണ് ദേശീയ അവാർഡ് പുരസ്‌കാരം സ്വീകരിച്ചതിന് ശേഷമുള്ള പ്രതികരണത്തിൽ നിത്യ മേനൻ പറഞ്ഞിരുന്നു. പതിനഞ്ച് വർഷത്തോളമായി സിനിമയിൽ വർക്ക് ചെയ്യുന്നു. ഇതുവരെ ചെയ്ത എല്ലാ സിനിമകൾക്കുമുള്ള അംഗീകാരമായി കൂടിയാണ് അവാർഡിനെ കണക്കാക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
തിരുചിത്രമ്പലത്തിന് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡലികടൈ' എന്ന ചിത്രത്തിലാണ് നിത്യ അഭിനയിക്കുന്നത്. ധനുഷിന്റെ കരിയറിലെ 52-ാമത്തെ ചിത്രവും നാലാമത്തെ സംവിധാന സംരംഭമാണ് 'ഇഡലികടൈ'.