ആരാധകർക്കിടയിൽ ചർച്ചയായി സൽമാൻഖാന്റെ രാമജന്മഭൂമി വാച്ച്

ആരാധകർക്കിടയിൽ ചർച്ച ആവുകയാണ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ പുതിയ വാച്ച്. താരത്തിന്റെ പുതിയ ചിത്രമായ സിക്കന്ദിറിന്റെ വിശേഷങ്ങൾ പറഞ്ഞ് തരാം, പങ്കുവച്ച വിഡിയോയിലൂടെയാണ് താരം കയ്യിലണിഞ്ഞിരുന്ന വാച്ച് ആരാധകരുടെ കണ്ണിൽപ്പെടുന്നത്.34 ലക്ഷം രൂപ വിലമതിക്കുന്ന ജേക്കബ് & കോ എപ്പിക് എക്സ് രാം ജന്മഭൂമി ടൈറ്റാനിയം എഡിഷൻ 2 വാച്ചായിരുന്നു അത്. ഈതോസ് വെബ്സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച് ജേക്കബ് & കോ എപ്പിക് എക്സ് റാം ജന്മഭൂമി എഡിഷൻ 2 ഈതോസ് വാച്ചസുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

പുരാണത്തിലെ രാമനുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ ആവിഷ്കരിക്കുന്ന കൊത്തുപണികൾ ഈ വാച്ചിനുള്ളിൽ കാണാൻ കഴിയും. ലിമിറ്റഡ് എഡിഷൻ വാച്ചിന്റെ ബോക്സിലും അത്തരം കൊത്തുപണികൾ ഉണ്ട്. വാച്ചിന്റെ ഡയലിൽ വളരെ സൂക്ഷ്മമായാണ് ഉത്തർപ്രദേശിലെ രാമക്ഷേത്രത്തിന്റെ വിശദമായ കൊത്തുപണികൾ ചെയ്തിരിക്കുന്നത്. ശ്രീരാമൻ, ഹനുമാൻ, രാമക്ഷേത്രം തുടങ്ങിയവയുടെ രൂപങ്ങൾ കൊത്തുപണികളിൽ ഉണ്ട് . ആധുനിക രീതിയിൽ പുരാണ കഥകളെ സമന്വയിപ്പിച്ചാണ് വാച്ച് നിർമ്മിച്ചിരിക്കുന്നത്.

44 എംഎം കെയ്സുള്ള ഈ മാനുവൽ വാച്ചിൽ ഓറഞ്ച് റബർ സ്ട്രാപ്പും സഫയർ ക്രിസ്റ്റൽ ഗ്ലാസുമുണ്ട്. വാച്ച് ബ്രാൻഡിന്റെ ഇന്ത്യാ ശേഖരത്തിന്റെ ഭാഗമാണ് രാമജന്മഭൂമി വാച്ച് പുരത്ത്തിറക്കിയത്. ഇന്ത്യൻ പൈതൃകത്തെ ആദരിക്കുന്നതിൻ്റെ ഭാഗമായി എപ്പിക് എക്സ് ഇന്ത്യ എഡിഷൻ ഇന്ത്യയിലെ നാലു പ്രധാന സ്മാരകങ്ങളായ താജ് മഹൽ, ഇന്ത്യാ ഗേറ്റ്, ഗേറ്റ്വേ ഓഫ് ഇന്ത്യ, കുത്തബ് മിനാർ ഇവയെ അനുസ്മരിപ്പിക്കുന്ന 2ഡി ടൈറ്റാനിയം ഡിസൈനുകൾ കൂടി പുറത്തിറക്കിയിട്ടുണ്ട്.

Related Articles
Next Story