മാർക്കോ പീറ്ററിന്റെ കോൾഡ് ബ്ലഡഡ് വില്ലൻ;മിന്നും പ്രകടനം കാഴ്ചവെച്ച അഭിമന്യു തിലകനെ കുറിച്ച് ഷോബി തിലകൻ
അകാലത്തിൽ മലയാള സിനിമയ്ക്ക് നഷ്‌ടമായ അഭിനയ പ്രതിഭയാണ് തിലകൻ. പിന്നീട് ആ കലാകാരന്റെ മക്കളായ ഷമ്മി തിലകനും ഷോബി തിലകനും സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ പ്രിയങ്കരായി എന്ന് തന്നെ പറയാം. അഭിനയം കൊണ്ടും ശബ്ദം കൊണ്ടും നിരവധി പ്രശംസ നേടിയ ഷമ്മി തിലകന്റെ മകൻ അഭിമന്യു തിലകൻ ആ കുടുംബത്തിലെ പുതിയ താരം. ഉണ്ണിമുകുന്ദൻ നായകനായ 'മാർക്കോ 'യിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയിരിക്കുകയാണ് അഭിമന്യു . ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന മാർക്കോ പീറ്റർ എന്ന കഥാപാത്രത്തിൻ്റെ വില്ലനായി ആണ് അഭിമന്യു തിലകൻ എത്തിയത്. കോൾഡ് ബ്ലഡഡ് വില്ലനായി അരങ്ങിലെത്തിയ ഈ താരം തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ ചിത്രത്തിൻ്റെ യാതൊരു ആശങ്കയുമില്ലാതെ അഭിനയിച്ച താരം ഇതോടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.മാർക്കോ കണ്ട പ്രേക്ഷകർ എല്ലാം ഈ നടന്റെ പേര് പറയാതെ ഇരിക്കില്ല. ആറ്റിട്യൂടും ലൂക്കും സ്വാഗും കൊണ്ട് ഗംഭീര പ്രകടനം ആണ് സിനിമയിൽ അഭിമന്യു കാഴ്ചവെച്ചത്. അഭിമന്യുവിനെ പറ്റി ഷോബി തിലകൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. തന്നെ വിളിച്ച് പറഞ്ഞിട്ടാണ് മാർക്കോയിൽ അഭിനയിക്കാൻ പോയതെന്നും ആദ്യത്തെ സിനിമയിൽ ഇത്തരമൊരു അഭിനയം കാഴ്ചവച്ചതിൽ ഒരുപാട് അഭിമാനിക്കുന്നുവെന്നും അവനത് നന്നായി ചെയ്യാൻ സാധിച്ചതിലുള്ള സംതൃപ്തിയും ഉണ്ടെന്നും ഷോബി തിലകൻ ഒരു അഭിമുഖത്തിലൂടെ പറയുന്നു.
"സന്തോഷം എന്ന് വെറുതെ പറഞ്ഞാൽ പോര. കാരണം എന്റെ ചേട്ടന്റെ മകനായത് കൊണ്ടുതന്നെ ഒരു വയസുമുതൽ ഞാൻ എടുത്തോണ്ട് നടന്ന ആളാണ്. എന്റെ ബൈക്കിന്റെ മുന്നിലിരുത്തി അവനെയും കൊണ്ട് കൊല്ലം നഗരം ചുറ്റാൻ പോകാറുണ്ടായിരുന്നു. അവന്റെ ആ പ്രായത്തിൽ കൊണ്ടുനടന്നിരുന്നത് ഞാൻ തന്നെയാണ്. അവനോടൊരു പ്രത്യേക സ്നേഹം എനിക്കുണ്ട്. എന്നെ വിളിച്ച് പറഞ്ഞിട്ടാണ് അവൻ മാർക്കോയിൽ അഭിനയിക്കാൻ പോയത്. ഒരുപാട് സന്തോഷം. 'അവൻ നല്ല അഭിനയം കാഴ്ചവച്ചിട്ടുണ്ട്. അവൻ നന്നായിട്ട് ഡബ്ബ് ചെയ്തിട്ടുണ്ട്. ശബ്ദം നന്നായിട്ടുണ്ട്. തിലകന്റെ പാരമ്പര്യം കാത്തു', എന്നാണ് പലരും തന്നോട് പറഞ്ഞതെന്ന് മകളെന്നോട് പറഞ്ഞിരുന്നു. അതിലെനിക്ക് അതിയായ സന്തോഷമുണ്ട്. അഭിമന്യുവിനെ നമ്മൾ കേശു എന്നാണ് വിളിക്കുന്നത്. അച്ഛന്റെ അച്ഛന്റെ പേര് കേശവൻ എന്നാണ്. അതിന്റെ ചുരുക്കപ്പേരാണ് കേശു. അവൻ മാർക്കോയിൽ നല്ലൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. ഇനിയും നല്ല കഥാപാത്രങ്ങൾ ഭാവിയിൽ കിട്ടട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുകയാണ്. ആദ്യത്തെ സിനിമയിൽ തന്നെ ഇത്തരമൊരു അഭിനയം കാഴ്ചവച്ചതിൽ ഞാനും ഒരുപാട് അഭിമാനിക്കുന്നു. അവനത് നന്നായി ചെയ്യാൻ സാധിച്ചതിലുള്ള സംതൃപ്തിയും ഉണ്ട്", എന്ന് ഷോബി തിലകൻ പറയുന്നു.
തങ്ങളുടെ കുടുംബത്തിൽ എടുത്തുപറയേണ്ടത് ശബ്ദമാണ്. ആ ശബ്ദം കൊണ്ടാണ് താനും ജീവിക്കുന്നത്. ആ ശബ്ദം തന്നെയാണ് തിലകൻ എന്ന വ്യക്തിയുടെ ഒരു ഐഡന്റിന്റിയും. ഏതോ ഒരു അഭിമുഖത്തിൽ ഈ ശബ്ദം ഇല്ലായിരുന്നെങ്കിൽ തിലകൻ എന്ന നടൻ ഉണ്ടാകുമോന്ന് ചോദിച്ചപ്പോൾ, ഇല്ല ഒരിക്കലും ഉണ്ടാവില്ലായിരുന്നുവെന്നാണ് അച്ഛൻ തന്നെ മറുപടി നൽകിയത് എന്നും ഷോബി തിലകൻ കൂട്ടിച്ചേർത്തു.