പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് കിട്ടി: ഷീല കുര്യൻ
കൊച്ചി : അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് തനിക്കും കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്ന് നിർമാതാവ് ഷീല കുര്യൻ. സാന്ദ്ര തോമസിനെ താൻ പിന്തുണച്ചതാണ് തനിക്ക് അസോസിയേഷൻ നോട്ടീസ് അയക്കാനുണ്ടായ കാരണം. അസോസിയേഷനെതിരെ നിർമാതാക്കളുടെ ഗ്രൂപ്പിൽ ചോദ്യം ചോദിച്ചുവെന്നതാണ് തനിക്കെതിരായ കുറ്റമെന്നും ഷീല കുര്യൻ പ്രതികരിച്ചു.
നേരത്തെ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ നിർമാതാവ് സാന്ദ്രാ തോമസിനെ ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ 28നാണ് സാന്ദ്രാ തോമസിനെ പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി കത്തയച്ചത്. അച്ചടക്കലംഘനമാണ് പുറത്താക്കലിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും എന്ത് അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ സംഘടനയ്ക്കും അതിലെ വ്യക്തികൾക്കുമെതിരെ അപകീർത്തികരമായ രീതിയിൽ പ്രവർത്തിച്ചു, ഇല്ലാത്ത കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു, സംഘടനയുടെ നിയമാവലിയ്ക്ക് പുറത്തുളള കാര്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു, സംഘടനാ നേതൃത്വത്തിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് കേസ് കൊടുത്തു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സംഘടനാ ഭാരവാഹികൾ വിശദീകരിക്കുന്നത്. എന്നാൽ സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് തെളിഞ്ഞെന്നും താൻ നേരിട്ട ലൈംഗികാധിക്ഷേപം തുറന്നു പറഞ്ഞതാണ് അച്ചടക്ക ലംഘനമെന്നും സാന്ദ്രാ തോമസ് പ്രതികരിച്ചു.
ഇതിനിടെ, സാന്ദ്ര തോമസിന്‍റെത് വ്യാജ പരാതിയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. നിർമാക്കളുടെ യോഗത്തിലേക്ക് വിളിച്ചുവരുത്തു തന്നോട് അപമാനകരമായ രീതിയിൽ പെരുമാറി എന്ന സാന്ദ്രാ തോമസിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.