27ാം വയസ്സിൽ മകന്റെ ആത്മഹത്യ, മൃതദേഹം 2 മാസം വീട്ടിലെ മുറിയിൽ സൂക്ഷിച്ചു; ലിസ മേരി പ്രെസ്‌ലി

ഗായികയും ഗാനരചയിതാവും അഭിനേത്രിയുമായ ലിസ മേരി പ്രെസ്‌ലി ഓർമക്കുറിപ്പിൽ എഴുതിയ ചില അനുഭവങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മകൻ ബെഞ്ചമിന്റെ ആകസ്മിക വേർപാട് ഏൽപ്പിച്ച ആഘാതം ലിസയെ തളർത്തിയെന്ന് ഓർമക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 27ാം വയസ്സിൽ മകൻ ആത്മഹത്യ ചെയ്തെന്നും അതിനോടു പൊരുത്തപ്പെടാനാകാതെ സംസ്‌കാര ചടങ്ങുകൾ നടത്താൻ അനുവദിക്കാതെ രണ്ട് മാസക്കാലം മൃതദേഹം വീട്ടി‌ൽ സൂക്ഷിച്ചുവച്ചെന്നും ലിസ ഓർമക്കുറിപ്പിൽ പറയുന്നു. ലിസയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച ‘ഫ്രം ഹിയർ ടു ദ് ഗ്രേറ്റ് അൺനോൺ’ എന്ന പുസ്തകത്തിലാണ് ജീവിതത്തിലെ കറുത്ത ദിനങ്ങളെക്കുറിച്ചു വിവരിക്കുന്നത്. 2023 ൽ മരണപ്പെട്ട ലിസയുടെ ഓർമക്കുറിപ്പുകൾ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചത് മകളും നടിയും അവതാരകയുമായ റൈലി ആണ്.

2020 ലാണ് ബെഞ്ചമിൻ ആത്മഹത്യചെയ്തത്. ആ വിയോഗം താങ്ങാനാകാതെ ലിസ ആകെ തളർന്നു. മകന്റെ മരണത്തോടു പൊരുത്തപ്പെടാൻ കഴിയാതിരുന്ന ഗായിക, ലൊസാഞ്ചലസിലെ വസതിയിൽ തണുത്തുറഞ്ഞ ഐസിനുമുകളിൽ മകന്റെ മൃതശരീരം 2 മാസം സൂക്ഷിച്ചു. ‘എന്റെ വീടിനോടുചേർന്ന് മറ്റൊരു മുറിയുണ്ടായിരുന്നു. അവിടെ ഞാൻ ബെന്നിനെ രണ്ടുമാസത്തോളം സൂക്ഷിച്ചു. കാലിഫോർണിയയിൽ മരണപ്പെട്ടയാളെ പെട്ടെന്നു തന്നെ അടക്കം ചെയ്യണമെന്ന നിയമമില്ല. വളരെ ദയാലുവായ ശ്മശാനത്തിന്റെ ഉടമയെ ഞാൻ കണ്ടെത്തി. ബെന്നിനെ ഞാൻ നിങ്ങളുടെയടുക്കലെത്തിക്കാം, നിങ്ങൾക്കവനോടൊപ്പമിരിക്കാമെന്ന് അവർ എന്നോടു പറഞ്ഞു’, ഓർമക്കുറിപ്പിൽ ലിസ എഴുതി.

ബെഞ്ചമിന്റെ ശരീരം കേടുകൂടാതെ സൂക്ഷിക്കാനായി മുറിയുടെ താപം ക്രമീകരിച്ചു. മകന്റെ അപ്രതീക്ഷിതമായ വിയോഗത്താൽ മാനസികമായി തകർന്നുപോയ തനിക്ക് അവന്റെ ഭൗതിക ശരീരത്തിന്റെ സാന്നിധ്യം നൽകിയ സമാധാനവും യാഥാർഥ്യം ഉൾക്കൊള്ളാൻ ലഭിച്ച സാവകാശവും അവനെ സൂക്ഷിച്ച മുറി തന്നതായി ലിസ എഴുതുന്നു. ‘അവനെ അങ്ങനെ പരിപാലിക്കുക വഴി ഞാനെന്റെ മാതൃത്വത്തിൽ കൂടുതൽ ഭാഗ്യവതിയായി തോന്നി. കുറച്ച് വൈകിയെങ്കിലും അവന്റെ നിത്യനിദ്രയുമായി ഞാൻ പൊരുത്തപ്പെട്ടു’– ലിസ എഴുതി.

സ്വന്തം പിതാവിനോട് അന്ത്യയാത്ര പറഞ്ഞതുപോലെ തന്നെ മകനെയും യാത്രയാക്കാൻ അമ്മയ്ക്ക് മതിയായ സമയം വേണമായിരുന്നു എന്ന് റൈലി എഴുതുന്നു. ലിസയ്ക്ക് 9 വയസ്സുള്ളപ്പോഴാണ് പിതാവ് എൽവിസ് പ്രെസ്‌ലി അന്തരിച്ചത്. അമേരിക്കൻ ഗായകനും നടനുമായിരുന്ന എൽവിസ് അറിയപ്പെട്ടിരുന്നത് റോക്ക് ആൻഡ് റോൾ രാജാവ് എന്നായിരുന്നു. എൽവിസിന്റെയും അമേരിക്കൻ ബിസിനസ് വനിത പ്രിസില്ല ആൻ പ്രെസ്‌ലിയുടെയും ഏകമകളാണ് ലിസ.

Related Articles
Next Story