കൂലിയ്ക്ക് ശേഷം സംവിധാനത്തിലേക്ക് ഇറങ്ങാൻ സൗബിൻ ഷാഹിർ
നടൻ സൗബിൻ ഷാഹിർ പുതിയ ചിത്രമായ പ്രാവിൻകൂട് ഷാപ്പിന്റെ വിജയാഘോഷത്തിൽ ആണ്. ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഒരു ഡാർക്ക് ഹ്യൂമർ ത്രില്ലെർ ആണ്. ബേസിൽ ജോസഫ്, ചെമ്പൻ വിനോദ്, ചാന്ദിനി ശ്രീധർ, ശിവജിത്ത്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
ചിത്രത്തിന്റെ പ്രൊമോഷനിടെ സൗബിന്റെ തന്റെ അടുത്ത ചിത്രങ്ങളുടെ ലൈൻ ആപ്പുകൾ പങ്കുവെച്ചിരുന്നു. അതിനോടൊപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയിൽ രജനികാന്തിനൊപ്പം പ്രവർത്തിച്ച അനുഭവവും താരം പങ്കുവച്ചു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രജനി ചിത്രം കൂലിയെ കുറിച്ചും,താരത്തിന്റെ പുതിയ ചിത്രങ്ങളെ പറ്റിയും ചോദിക്കുമ്പോൾ ആയിരുന്നു സൗബിൻ ഈ കാര്യം പങ്കുവെച്ചത്.
''ലോകേഷ് കനകരാജിൻ്റെ വ്യത്യസ്തമായ ഒരു ചിത്രമാണ് കൂലിയെന്ന് സൗബിൻ പറഞ്ഞു. വളരെ രസകരമാണ്, രജനി സാർ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വാസ്തവത്തിൽ, എല്ലാവരും അതിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് ''എന്നായിരുന്നു സൗബിന്റെ മറുപടി.
''കൂലിക്ക് ശേഷം ഇനി വീണ്ടും സംവിധാനത്തിലേക്ക് ചുവടുവെക്കും. അതിന് ഇനിയും ഒരുപാട് സമയമുള്ളതിനാൽ അതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല. ദുൽഖർ സൽമാനോടൊപ്പമായിരിക്കും ആ ചിത്രം''- സൗബിൻ പറയുന്നു. സൗബിന്റെ ഈ വെളിപ്പെടുത്തലിന് ശേഷം സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ ഡിക്യു- സൗബിൻ ചിത്രത്തിനായി ആഘോഷമാക്കിയിരിക്കുകയാണ്. പറവയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് കൂലി. രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടാതെ, ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന് അഭ്യൂഹമുണ്ട്.