ഗെയിം തുടങ്ങി മമ്മൂക്ക, ഈ വർഷത്തെ രണ്ടാമത്തെ ചിത്രം ബസൂക്ക
ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രമാണ് ബസൂക്ക
ബ്രഹ്മയുഗം,ടർബോ, ഓസ്‍ലെർ എന്നീ സിനിമയിലൂടെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് നടനായും താരമായുംമമ്മൂട്ടിയെ കണ്ട ഗംഭീരമായ വർഷമായിരുന്നു 2024. മലയാളത്തിന്റെ മെഗാസ്റ്റാർ 2025ലും ആവേശകരമായ കുറച്ചധികം ചിത്രങ്ങളുടെ ലൈൻ ആപ്പുകൾ ആണ് ഉള്ളത്. അതിൽ ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് രചന - സംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ റിലീസ് തിയതി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.ചിത്രം ഫെബ്രുവരി 14-ന് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും നടനുമായ ഗൗതം മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ വൈറലായിരുന്നു.മിഥുൻ മുകുന്ദനും സയീദ് അബ്ബാസും ചേർന്നാണ് ബസൂക്കയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ഇതോടു കൂടി ഈ വർഷത്തിലെ മമ്മൂട്ടിയുടെ രണ്ടാമത് ചിത്രത്തിന്റെ റിലീസ് തിയതി ആണ് എത്തിയിരിക്കുന്നത്.ജനുവരി 23-ന് ബിഗ് സ്‌ക്രീനിലെത്തുന്ന ഡൊമിനിക് ആൻ്റ് ദി ലേഡീസ് പേഴ്‌സ് ആണ് മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റീലീസ്.ഗൗതം വാസുദേവമേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയുന്ന ചിത്രമാണ് ഇത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ബസൂക്ക, ഡൊമിനിക്, ദി ലേഡീസ് പേഴ്‌സ് എന്നിവയ്‌ക്ക് പുറമേ, മമ്മൂക്കയുടെ നിരവധി ആവേശകരമായ പ്രോജക്‌റ്റുകൾ ഈ വര്ഷം അണിനിരക്കുന്നുണ്ട്. താൽക്കാലികമായി എംഎംഎംഎൻ എന്ന് പേരിട്ടിരിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങിലായിരുന്നു മമ്മൂട്ടി. മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രമാണ്.
അതിനോടൊപ്പം മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമ്മാണ ചിത്രമായ ജിതിൻ കെ jose ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തും. കൂടാതെ, അമൽ നീരദിനൊപ്പം മമ്മൂട്ടി ഒരു പുതിയ ചിത്രത്തിൻ്റെ ചർച്ചയിലാണെന്നും പറയപ്പെടുന്നു.