വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിൽ സൂര്യയും? ടീസർ നാളെ

വിജയ് ദേവരകൊണ്ടയുടെ 12മത് ചിത്രമായ 'VD12' എന്ന് തൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഗൗതം തിണ്ണനൂരി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ജേണറിലാണ് ഒരുക്കുന്നത്. നാനി നായകനായ ജേർസി എന്ന ചിത്രം ഗൗതം തിണ്ണനൂരി ആയിരുന്നു സംവിധാനം ചെയ്തത്.
ചിത്രത്തിന്റെ ഒരു പുതിയ അപ്ഡേറ്റാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസറിന്റെ തമിഴിൽ പതിപ്പിൽ കൊടുത്തിരിക്കുന്ന വോയിസ് ഓവറിൽ ശബ്ദം നൽകിയിരിക്കുന്നത് നടിപ്പിന് നായകൻ സൂര്യ ആണ്. നിർമ്മാതാക്കൾ ആണ് ഈ കാര്യം പങ്കുവെച്ചത്.
“തൻ്റെ സിംഹാസനം അവകാശപ്പെടാൻ വിധിക്കപ്പെട്ട ഒരു രാജാവിൻ്റെ കഥയ്ക്ക് ശക്തമായ ഒരു കൂട്ടിച്ചേർക്കൽ വരുന്നു #VD12 തമിഴ് ടീസറിന് സുപ്രിമോ @Suriya_offl തൻ്റെ ശബ്ദം നൽകുന്നു! ഫെബ്രുവരി 12ന് തയ്യാറാകൂ!!" എന്നാണ് നിർമ്മാതാക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ടീസർ പുറത്തിറങ്ങുന്ന ടീസറിൽ ഓരോ പതിപ്പിനും പ്രമുഖ അഭിനേതാക്കൾ ആണ് ശബ്ദം നൽകിയിരിക്കുന്നത്. തമിഴിൽ സൂര്യയും, ഹിന്ദിയിൽ രൺബീർ കപൂറും, തെലുങ്കിൽ ജൂനിയർ എൻ ടി ആറും ടീസറിൽ ശബ്ദം നൽകുന്നത്.
ഭാഗ്യശ്രീ ബ്രോസ് ആയിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ പോലീസ് വേഷത്തിൽ ആയിരിക്കും വിജയ് ദേവർകൊണ്ട എത്തുന്നത്. ചിത്രത്തിൽ സത്യദേവ് ഒരു നിർണായക വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ചിത്രം 2025 മാർച്ച് 28 ന് ബിഗ് സ്‌ക്രീനുകളിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരിക്കുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ആക്ഷൻ ത്രില്ലർ മെയ് 30 ന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
പക്ഷെ നിർമ്മാതാക്കളിൽ നിന്നോ നടൻ്റെ ഭാഗങ്ങളിൽ നിന്നോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
അതേസമയം, VD12-ൻ്റെ തയ്യാറെടുപ്പുകൾക്കിടയിൽ, വിജയ് ദേവരകൊണ്ട അടുത്തിടെ മഹാകുംഭമേളയിൽ സന്ദർശനം നടത്തിയിരുന്നു . അമ്മയോടൊപ്പം എത്തിയ താരം ഗംഗയിൽ മുങ്ങുകയും ചെയ്തിരുന്നു.