ശങ്കര്‍ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാൻ സൂര്യയും വിക്രമും

surya and vikram act together in shankar new movie

സംവിധായകൻ ശങ്കറിന്റെ അടുത്ത ചിത്രത്തിലൂടെ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. തമിഴിലെ പ്രശസ്ത നോവല്‍ 'വീരയുഗ നായകന്‍ വേല്‍പ്പാരി'യുടെ ചലച്ചിത്രാവിഷ്‌ക്കാരത്തിലൂടെയാണ് ഇരുവരും ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് വിക്രവും സൂര്യയും ഒന്നിക്കുന്നത്. ബാല സംവിധാനം ചെയ്ത പിതാമകന്‍ എന്ന സിനിമയിലായിരുന്നു നേരത്തെ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

ശങ്കറും വിക്രവും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. അന്യന്‍, ഐ എന്നിവയാണ് ഈ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. സൂര്യയെ സംബന്ധിച്ച് ശങ്കറിനൊപ്പമുള്ള ആദ്യ ചിത്രം കൂടിയാകും ഇത്. ഹിന്ദി ചിത്രം ത്രീ ഇഡിയറ്റ്സിന്റെ റീമേക്കായ വിജയ് നായകനായ 'നന്‍പന്‍' എന്ന സിനിമയില്‍ സൂര്യയെ പരിഗണിച്ചിരുന്നു. എന്നാല്‍ ഈ സിനിമയില്‍ സൂര്യ അഭിനയിച്ചില്ല.

തമിഴകത്തെ ഏറ്റവും പ്രശസ്തമായ നോവലുകളില്‍ ഒന്നാണ് എസ് വെങ്കടേശന്‍ എഴുതിയ 'വീരയുഗ നായകന്‍ വേല്‍പ്പാരി'. ഇതിന്റെ അവകാശം ശങ്കര്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles
Next Story