സൂര്യയെ മാറ്റി നിർത്തി ലോകേഷ് കനകരാജ് ; ഇരുമ്പു കൈ മായാവിയിൽ ഇനി അമീർ ഖാൻ ?
രജനികാന്ത് നായകനാകുന്ന കൂലി എന്ന ചിത്രത്തിൻ്റെ തിരക്കിലാണ് സംവിധായകൻ ലോകേഷ് കനകരാജ്. നടിപ്പിന് നായകൻ സൂര്യയെ നായകനാക്കി ലോകേഷ് കനകരാജാ സംവിധാനം ചെയ്യാനിരിക്കുന്ന സ്വപ്ന പദ്ധതിയാണ് ഇരുമ്പു കൈ മായാവി. ചിത്രത്തിനെ പറ്റി സുര്യയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും പല സന്ദർഭങ്ങളിലും ലോകേഷ് പരാമർശിച്ചിരുന്നു.എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ബോളിവുഡിൽ നിന്നുള്ള ഒരു വലിയ താരത്തെ വെച്ച് പ്രൊജക്റ്റ് ആരംഭിക്കാൻ ലോകേഷ് തീരുമാനിച്ചു എന്നതാണ്.ബോളിവുഡ് താരം ആമിർ ഖാനോട് ഇരുമ്പ് കൈ മായാവിയുടെ കഥ പറഞ്ഞതായാണ് ചില ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തൻ്റെ സ്വപ്ന പ്രോജക്റ്റ് ഇരുമ്പ് കൈ മായാവി, ഒരു സൂപ്പർ ഹീറോ പ്രോജക്റ്റ് ആണെന്ന് സംവിധായകൻ പറഞ്ഞിരുന്നു. അടുത്തിടെ പോലും, ഇരുമ്പു കൈ മായാവിയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഈ പ്രോജക്റ്റ് തന്നിലേക്ക് തിരികെ വരുമോ അതോ അതിലും വലിയ നടൻ്റെ അടുത്തേക്ക് പോകുമോ എന്ന് തനിക്കറിയില്ലെന്ന് സൂര്യ പറഞ്ഞു.
കൈതി, വിക്രം, മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾക്ക് പേരുകേട്ട ലോകേഷ് കനകരാജ് മനഗരം എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേയ്ക്ക് എത്തിയത്. കമൽഹാസൻ, വിജയ് തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചതിന് ശേഷം ലോകേഷ് കനകരാജ് ഇപ്പോൾ രജനികാന്തിൻ്റെ കൂലി എന്ന ചിത്രമാണ് സംവിധാനം ചെയ്യുന്നത്. ഇതിനിടയിൽ കൂലിയിൽ അമീർ ഖാൻ അഥിതി വേഷത്തിൽ എത്തുമെന്നുള്ള അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.