നവംബര്‍ ഒന്നുമുതല്‍ തമിഴ് സിനിമകള്‍ ഷൂട്ട് ചെയ്യില്ല: കടുത്ത തീരുമാനമെടുത്ത് വിവിധ സംഘടനകൾ

tamil film producers council to halt film shootting from november 1

ചെന്നൈ: ഓഗസ്റ്റ് 16 മുതൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ എല്ലാ പുതിയ സിനിമാ പ്രൊജക്‌റ്റുകൾ ആരംഭിക്കുന്നത് നിർത്തിവയ്ക്കാനും നവംബർ 1 മുതൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനും തീരുമാനമായി. സിനിമയുടെ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സിനിമകള്‍ ഈ ഘട്ടത്തിനുള്ളില്‍ തീര്‍ക്കാനാണ് നിര്‍ദേശം. കലാകാരന്മാരുടെ പ്രതിഫലവും മറ്റ് ചെലവുകളും നിർമ്മാണ ചെലവ് വര്‍ദ്ധിപ്പിക്കുന്നു എന്നതിൽ പ്രതിഷേധിച്ചാണ് സംഘടനയുടെ ഈ നീക്കം.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് തിയറ്റർ മൾട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികള്‍ ചെന്നൈയിൽ ചേർന്ന യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് പുതിയ തീരുമാനം എടുത്തത്.

അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അഡ്വാൻസ് സ്വീകരിച്ച് പ്രോജക്ടുകൾ ഉപേക്ഷിക്കുന്നതിലൂടെ നിർമ്മാതാക്കൾക്ക് കാര്യമായ നഷ്ടമുണ്ടാക്കുന്ന കാര്യം യോഗത്തിൽ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കി. അഡ്വാൻസ് ലഭിച്ചിട്ടുള്ള ഏതൊരു നടനും സാങ്കേതിക വിദഗ്ധനും പുതിയ പ്രോജക്റ്റ് ആരംഭിക്കും മുന്‍പ് ഏറ്റെടുത്ത പഴയ പ്രൊജക്ട് പൂർത്തിയാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

2023-ൽ ധനുഷ് തങ്ങളിൽ നിന്ന് അഡ്വാൻസ് വാങ്ങിയെന്നും ഷൂട്ടിംഗിന് വന്നിട്ടില്ലെന്നും ശ്രീ തേനാൻഡൽ ഫിലിംസ് അവകാശപ്പെട്ടു. ധനുഷിന്‍റെ ഈ നിലപാട് ഏറെ വിമര്‍ശനം യോഗത്തില്‍ ഉണ്ടാക്കി. പുതിയ പ്രോജക്റ്റുകൾക്കായി അദ്ദേഹത്തെ സമീപിക്കുന്നതിന് മുമ്പ് സംഘടനയോട് ആലോചിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.

സമരത്തിന്‍റെ ഭാഗമായി നിർമ്മാതാക്കൾ സംഘടനയെ നിര്‍മ്മാണത്തിലുള്ള ചിത്രങ്ങളുടെ വിവരങ്ങള്‍ അറിയിക്കണം. അത് അനുസരിച്ച്, എല്ലാ പ്രൊജക്ടുകളും ഈ വർഷം ഒക്ടോബർ 30-നകം പൂർത്തിയാക്കണം. നവംബര്‍ 1 മുതല്‍ തമിഴ് സിനിമകള്‍ ഷൂട്ട് ചെയ്യില്ല.

Related Articles
Next Story