വയനാട് ദുരന്തം നൃത്തവേദിയിൽ ആവിഷ്കരിച്ച് താരാ കല്യാൺ
വയനാട് ദുരന്തത്തെ നൃത്തവേദിയിൽ ആവിഷ്കരിച്ച് നടിയും നർത്തകിയുമായ താരാ കല്യാൺ. തിരുവനന്തപുരം സായിഗ്രാമത്തിലെ വേദിയിൽ വച്ചായിരുന്നു താരാ കല്യാണിന്റെ നൃത്തം. വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ പ്രകൃതദുരന്തത്തിന്റെ നേർച്ചിത്രം നൃത്തസങ്കേതങ്ങളിലൂടെ പുനരാവിഷ്കരിച്ചപ്പോൾ കാണികൾക്ക് അതു വേറിട്ട അനുഭവമായി.
താരാ കല്യാൺ ഡാൻസ് അക്കാദമിയുടെ പേജിലാണ് ഡാൻസ് വിഡിയോ പങ്കുവച്ചത്. ചുവപ്പു നിറത്തിലുള്ള പട്ടുസാരി അണിഞ്ഞായിരുന്നു താരാ കല്യാൺ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. വയനാട്ടിലെ പ്രകൃതിദുരന്ത കാഴ്ചകളെ ഹൃദയസ്പർശിയായാണ് താരാ കല്യാൺ വേദിയിൽ അവതരിപ്പിച്ചത്. ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടോടി കാട്ടിൽ അഭയം പ്രാപിച്ച അമ്മൂമ്മയേയും കൊച്ചുമക്കളെയും കാട്ടാന രാത്രി മുഴുവൻ സംരക്ഷിച്ച സംഭവവും അമ്മമാർ നഷ്ടപ്പെട്ട കൈക്കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ രംഗത്തെത്തിയ കുടംബത്തെയുമൊക്കെ അതിമനോഹരമായാണ് താരാ കല്യാൺ വേദിയിൽ പകർന്നാടിയത്.
മികച്ച പ്രതികരണങ്ങളാണ് താരാ കല്യാണിന്റെ നൃത്ത വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘ഉരുൾപൊട്ടൽ മുന്നിൽ കണ്ടതുപോലെ’ എന്നാണ് വിഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. താരാ കല്യാണും മകൾ സൗഭാഗ്യയും നടത്തുന്ന താരാ കല്യാൺ ഡാൻസ് അക്കാദമിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തവിരുന്നിന് ഇടയിലായിരുന്നു ആരാധകരെ വിസ്മയിപ്പിച്ച ഈ പ്രകടനം.