എമ്പുരാനിൽ താരങ്ങൾക്ക് പ്രതീക്ഷക്കളേറെ. ചിത്രത്തിൻറെ വിജയം അഭിനയജീവിതത്തിൽ നിർണ്ണായകം
നീണ്ട ആറു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ദുചൂഡൻ ചിരിച്ചെത്തി എന്ന് മോഹൻ ലാൽ നരസിംഹത്തിൽ പറയുന്ന പോലെ നീണ്ട ആറുവർഷത്തെ ഇടവേളയ്ക്കു ശേഷം പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന പൃഥ്വിരാജ് സുകുമാരൻ - മോഹൻ ലാൽ കൂട്ടുകെട്ടിൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാൻ റിലീസിനിനൊരുങ്ങുകയാണ്. 2019 ൽ റിലീസ് ചെയ്ത മോഹൻ ലാൽ നായകനായ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ തുടർച്ചയാണ് എമ്പുരാൻ. കഴിഞ്ഞ ദിവസം മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത് . പുറത്തുവന്നിരിക്കുന്ന എമ്പുരാന്റെ ടീസർ വമ്പൻ പ്രതീക്ഷയാണ് മലയാളി പ്രേക്ഷകർക്ക് നൽകുന്നത്. മലയാള സിനിമ ഇന്ന് വരെ കണ്ടില്ലാത്ത, ഒരു ഹോളിവുഡ് സിനിമയുടേതെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ടീസറുകളാണ് പുറത്തുവന്നിരിക്കുന്നത് . അതുകൊണ്ടു തന്നെ ആ റേഞ്ചിലുള്ള ആക്ഷൻ ഫൈറ്റ് രംഗങ്ങൾ ചിത്രത്തിലുണ്ടാകാം എന്ന ഉറപ്പ് നൽകുന്നതാണ് ടീസർ. നിരവധി പ്രതീക്ഷകൾ മുന്നോട്ടുവയ്ക്കുന്നതിനൊപ്പം തന്നെ പല പ്രത്യേകതയും ചിത്രത്തിനുണ്ട്. ലുസിഫെറിൽ അണി നിരന്ന പല താരങ്ങളും എമ്പുരാനിലും അണി നിരക്കുന്നുണ്ട്. 6 വർഷത്തെ ഇടവേളക്കുള്ളിൽ പല മാറ്റങ്ങളും വന്നു കഴിഞ്ഞു. പല താരങ്ങളുടെയും കരിയർ ഗ്രാഫുകളിൽ മാറ്റം വന്നു. ഗ്രാഫിൽ താഴെ നിൽക്കുന്നവർക്ക് മുന്നിലേക്കെത്താനും ഗ്രാഫിൽ ഉയർന്നു നിൽക്കുന്നവർക്ക് അത് അതുപോലെ നിലനിർത്താനും സാധിക്കുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. മോഹൻലാൽ , മഞ്ജു വാരിയർ, ടോവിനോ തോമസ് , പൃഥ്വിരാജ്, ചിത്രത്തിൻറെ തിരക്കഥാകൃത്തായ മുരളി ഗോപി തുടങ്ങിയവരെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ് എമ്പുരാൻ.
പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന ചിത്രമായ ലൂസിഫർ. അന്ന് പൃഥ്വിരാജിൽ പ്രതീക്ഷവെക്കാൻ ഒരു നടനെന്നതിൽ കവിഞ്ഞ് മുൻപ് സംവിധാനം ചെയ്ത ഉദാഹരണങ്ങളില്ലായിരുന്നു .അന്ന് പൃഥ്വിരാജെന്ന നടന്റെ ആദ്യ സംവിധാന ചിത്രത്തെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ ഇന്ന് എമ്പുരാന്റെ കാര്യമതല്ല. പൃഥ്വിരാജ് എന്ന സംവിധായകനിലാണ് പ്രേക്ഷകരിവിടെ പ്രതീക്ഷവെക്കുന്നത്. ഇന്ന്, ലൂസിഫർ , ബ്രോ ഡാഡി എന്നീ രണ്ട് ചിത്രങ്ങളുടെ സംവിധാനത്തിലൂടെ പൃഥ്വിരാജ് എന്ന സംവിധായകൻ സെറ്റ് ചെയ്ത് വച്ചിരിക്കുന്ന ഒരു ബെഞ്ച് മാർക്കുണ്ട്. എന്തുകൊണ്ടും അതിനേക്കാൾ പലയിരട്ടി പ്രതീക്ഷയാണ് എമ്പുരാന്റെ മേൽ പ്രേക്ഷകർക്കുള്ളത്.
ഇനി മോഹൻലാലിലേക്ക് വന്നാൽ മോഹൻ ലാലെന്ന നടന്റെ പേരിന് ഇന്നും യാതൊരു കോട്ടവും ഇല്ല .കാലങ്ങൾക്കപ്പുറവും അതങ്ങനെ തന്നെയാകും. അതിന് അദ്ദേഹം ചെയ്തിച്ചുവച്ചിട്ടുള്ള കഥാപാത്രങ്ങൾ തന്നെ ധാരാളം . പക്ഷെ അദ്ദേഹത്തിന്റെ കരിയർ ഗ്രാഫിൽ ഈ കഴിഞ്ഞ ആറു വർഷത്തിൽ അധികം നേട്ടങ്ങളുണ്ടായിട്ടില്ല. 2019 ലെ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം ദൃശ്യം 2, ബ്രോ ഡാഡി, നേര് തുടങ്ങി ചുരുക്കം ചില സിനിമകൾ മാത്രമേ പ്രതീക്ഷിച്ച വിജയം കണ്ടുള്ളു. ബിഗ് ബജറ്റിലൊരുങ്ങിയ മരക്കാറും ബറോസും നിരാശയായിരുന്നു ഫലം. ഓടിയനിൽ നിന്ന് കിട്ടിയ തിരിച്ചടിയിൽ നിന്നുമുള്ള മോഹൻ ലാലിന്റെ തിരിച്ചു വരവായിരുന്നു ലൂസിഫർ. അന്ന് ആരാധകർ, വിമർശകർക്ക് മറുപടി പറഞ്ഞത് ലൂസിഫറിലൂടെയാണ്. അത് കൊണ്ട് തന്നെ 6 വർഷത്തിന് ശേഷം എമ്പുരാനിലൂടെ വിമർശകരുടെ വായടപ്പിക്കാൻ കാത്തിരിക്കുകയാണ് ലാലേട്ടൻ ആരാധകർ. അബ്രഹാം ഖുറേഷി ആയുള്ള ലാലേട്ടന്റെ വരവിൽ ഹരം കൊള്ളാൻ അവർ ഇപ്പോഴേ റെഡിയാണ് .
എമ്പുരാനിൽ അബ്രഹാം ഖുറേഷിക്കൊപ്പം പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു കഥാപാത്രമുണ്ട് , ജിതിൻ രാംദാസ്. ലുസിഫെറിൽ ജിതിൻ രാം ദസായെത്തി ടോവിനോ നടത്തിയ പ്രസംഗം കേട്ട് കോരിത്തരിക്കാത്തവർ ഉണ്ടാകില്ല.ലൂസിഫറിൽ " മുണ്ടുടുക്കാനുമറിയാം വേണ്ടി വന്നാൽ അത് മടക്കി കുത്താനുമറിയാം" എന്ന് ടോവിനോയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ആവർത്തിക്കുവാൻ പല വേദികളിലും ചെല്ലുമ്പോൾ ആരാധകർ ആവശ്യപ്പെട്ടിരുന്നുവെന്ന് ടീസർ റിലീസ് ചടങ്ങിൽ ടോവിനോ പറഞ്ഞു. മോഹൻലാലുമായി ലുസിഫെറിൽ കിട്ടാത്ത കോമ്പിനേഷൻ സീൻ ഈമ്പുരാനിൽ കിട്ടിയതിന്റെ സന്തോഷവും ടോവിനോക്കുണ്ട്. ലൂസിഫറിൽ അഭിനയിച്ചപ്പോൾ ഉണ്ടായിരുന്ന ടോവിനോ അല്ല ഇന്ന്. ഒരു സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്കുയർന്ന് തന്റെ കരിയറിന്റെ ഉയർച്ചയിൽ നിൽക്കുന്ന നടനാണ്. മിന്നൽ മുരളി, എ ആർ എം തുടങ്ങിയ ചിത്രങ്ങൾ ആ നടന്റെ വിജയത്തെ അടയാളപ്പെടുത്തിയതായി മുന്നിലുണ്ട്. ഇന്ന് സൂപ്പർസ്റ്റാർ എന്ന നിലയിലേക്കദ്ദേഹം ഉയർന്നു നിൽക്കുകയാണ്. അതുകൊണ്ടു തന്നെ എമ്പുരാനിൽ ടോവിനോയുടെ വേഷത്തിനും അഭിനയത്തിനും പ്രാധാന്യമേറുന്നു.
മഞ്ജു വാരിയറിലേക്ക് വന്നാൽ കരിയറിൽ എടുത്തുപറയത്തക്ക വിജയങ്ങളൊന്നുമില്ലാത്ത കാലത്തിലൂടെയാണ് നടി കടന്നുപോകുന്നത്. ദീർഘ നാളത്തെ ഇടവേയ്ക്ക് ശേഷം അഭിനയിത്തിലേക്ക് തിരിച്ചു വന്നശേശം ചെയ്ത കഥാപാത്രങ്ങളിൽ മികച്ച പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമാണ് ലൂസിഫെറിലെ 'പ്രിയ ദർശിനി'. കരുത്തുറ്റ ആ സ്ത്രീവേഷം എത്തരത്തിലാണ് എമ്പുരാനിൽ അവതിരിക്കപ്പെടുന്നതെന്ന ആകാംഷയും ആരാധകർക്കുണ്ട്.
രസികൻ എന്ന സിനിമയിലൂടെ തിരക്കഥാരചനയിലേക്ക് കടന്നു വന്ന കലാകാരനാണ് എമ്പുരാന് തിരക്കഥയൊരുക്കിയ മുരളി ഗോപി . ചിത്രം നല്ല വിജയവുമായിരുന്നു. അതിനു ശേഷം തിരക്കഥ എഴുതിയ 'ഈ അടുത്ത കാലത്തും' മികച്ച പ്രതികരണങ്ങൾ നേടി. മലയാളത്തിലെ നവതരംഗ സിനിമ എന്ന് ആ ചിത്രം പ്രശംസിക്കപ്പെടും ചെയ്തു. എന്നാൽ അതിനു ശേഷം തിരക്കഥയെഴുതിയ ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , കമ്മാര സംഭവം തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററിൽ പരാജയങ്ങളായിരുന്നു. പക്ഷേ , മുരളി ഗോപി എന്ന തിരക്കഥാകൃത്തിനെ അടയാളപ്പെടുത്തിയ ചിത്രമായിന്നു 'ലൂസിഫർ'. അദ്ദേഹത്തിന് തിരക്കഥ രചനയിൽ തന്റേതായൊരു ഇടം നേടി കൊടുത്ത ചിത്രം. അതുകൊണ്ടു തന്നെ ആ മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ പേര് മലയാള സിനിമയിൽ താഴിട്ട് ഉറപ്പിക്കാൻ എമ്പുരാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എമ്പുരാന്റെ ടീസർ റിലീസിംഗ് ചടങ്ങിൽ ചിത്രത്തിൻറെ സംവിധായകനായ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപെടുന്നു. ലൂസിഫർ റിലീസ് ചെയ്യുമ്പോൾ ഒരു തുടർഭാഗം ഉണ്ടാകുമെന്ന ചിന്ത ഉണ്ടായിരുന്നില്ല. എന്നാൽ ലൂസിഫറിന്റെ വിജയമാണ് എമ്പുരാനിലേക്കെത്തിച്ചത്. എന്നാൽ ഏമ്പുരാന് ഒരു തുടർഭാഗമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. കാരണം അത് കൂടി ചേരുമ്പോൾ മാത്രമേ കഥ പൂർണ്ണവുകയുള്ളു. എമ്പുരാൻ അവസാനിക്കുമ്പോൾ അതിന്റെ തുടർകഥ എന്തെന്നറിയാനുള്ള ആകാംക്ഷ പ്രേക്ഷകരിലുണ്ടായാൽ ചിത്രം വിജയിക്കുമെന്നും അങ്ങനെ വിജയിച്ചാൽ മാത്രമേ ഒരു തുടർഭാഗം ഉണ്ടാകുയെന്നും പൃഥ്വിരാജ് പറയുന്നു.
നരസിംഹം എന്ന വിജയചിത്രത്തിന്റെ നിർമ്മാണത്തിലൂടെ മലയാളസിനിമ നിർമ്മാണത്തിലേക്ക് കടന്നു ആശിർവാദ് സിനിമാസ് അതിന്റെ 25 വർഷം പൂർത്തിയാകുമ്പോൾ എമ്പുരാൻ പ്രതീക്ഷക്കൊത്തുയർന്നാൽ ചിത്രത്തിൻറെ നിർമ്മാതാക്കളെന്ന നിലയിൽ അവർക്കും അഭിമാനിക്കാവുന്നതാണ്.ഒരു ഹോളിവുഡ് സിനിമയുടേതെന്ന് തോന്നിപ്പിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ടീസർ. ഏവരും കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ മറ്റൊരു വമ്പൻ മേക്കിങ് ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മാർക്കോ, ആവേശം തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ആഗോളതലത്തിലേക്ക് മലയാളസിനിമക്കെഴുതി ചേർക്കാൻ കഴിയുന്ന ചിത്രമാകും എമ്പുരാനെന്ന് നമുക്കും പ്രതീക്ഷിക്കാം.