29മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലോഗോ പുറത്തുവിട്ടു

കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 29മത് കേരള രാജ്യാന്തര ചലച്ചിത്രമേള 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. കഴിഞ്ഞ വർഷത്തേക്കാളും വിപുലമായ പരിപാടികളോടെയാണ് ഇത്തവണയും പരിപാടി നടക്കുന്നത്. ഡിസൈനിനും സിഗ്നേച്ചർ ഫിലിമിനുമുള്ള പ്രൊപ്പോസലുകളും കഴിഞ്ഞ സെപ്റ്റംബറിൽ അധികൃതർ ക്ഷണിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി നിരവധി ലോഗകൾ എത്തി. അതിൽ നിന്നും ഇത്തവണ തെരഞ്ഞെടുത്ത ലോഗോ മന്ത്രി സജി ചെറിയാൻ പുറത്തുവിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ലോഗോ പുറത്തുവിട്ടത്. മേളയുടെ ലോഗോ, ബ്രാൻഡ് ഐഡൻ്റിറ്റി കൺസെപ്റ്റ് തയ്യാറാക്കിയത്: അശ്വന്ത് എ. (വിഷ്വൽ ഡിസൈനർ). കണ്ണൂർ സ്വദേശി, എറണാകുളം ആർ.എൽ.വി കോളേജ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ MFA വിദ്യാർത്ഥിയാണ്.

'INTERSECTIONALITY' എന്നതാണ് ഇത്തവണ മുദ്രാവാക്യം. സമയവും ഭൂമിശാസ്ത്രവും താണ്ടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ സിനിമ എന്ന മാധ്യമത്തിന് പുതിയ ആശയതലങ്ങളും പുതിയ ലെയറുകളും പുതുപുത്തൻ കൂട്ടുകളും രൂപപ്പെടുന്നുണ്ട്. നിയതമായ ഒരു ചട്ടക്കൂടിനുള്ളിൽ ഈ കലാരൂപത്തെ ഒതുക്കിവെക്കാൻ സാധിക്കില്ല, രൂപമോ ഭാവമോ, അത് ഒഴുകിക്കൊണ്ടിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇത്തരത്തിലാണ് ഇന്റർസെക്ഷനാലിറ്റിയുടെയും നിലനിൽപ്പ്. വ്യത്യസ്തമായ ഐഡന്റിറ്റികളുടെ കൂട്ടുകൾ ചേരുമ്പോൾ ഒരു മനുഷ്യന്റെ സോഷ്യൽ പൊസിഷൻ വ്യതിചലനമുണ്ടായിക്കൊണ്ടിരിക്കും. ഇപ്രകാരം മാറിക്കൊണ്ടിരിക്കുന്ന, ഒഴുകിക്കൊണ്ടിരിക്കുന്ന സിനിമയെ ഇന്റർസെക്ഷനാലിറ്റിയുമായി ചേർത്ത് വായിക്കപ്പെടുമ്പോൾ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ, സിനിമയുടെ പുതിയ വാതായനങ്ങൾ തുറക്കപ്പെടുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ദേശങ്ങൾക്കപ്പുറത്ത് മനുഷ്യനെ ഒന്നിപ്പിക്കുന്ന ഏറ്റവും ജനപ്രീതിയാർന്ന ആധുനിക കലാരൂപമെന്ന നിലയിൽ സിനിമ വഹിക്കുന്ന പങ്കിനെ എടുത്തു കാണിക്കുന്ന മേളയാണ് കേരള രാജ്യാന്തര ചലച്ചിത്രമേള. എല്ലാവർഷവും മേള നടക്കാറുണ്ട്. കൈരളി, ശ്രീ, നിള, കലാഭവൻ, നിശാഗന്ധി, ഏരീസ് പ്ലക്‌സ്‌ എസ്. എൽ. സിനിമാസ്, ന്യൂ, അജന്ത, ശ്രീ പദ്മനാഭ എന്നിവിടിങ്ങളിലായി 15 സ്‌ക്രീനുകളിലായി ആണ് സിനിമ പ്രദേശർപ്പിക്കുക. കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും നിരവധി പേർ ഈ മേള കാണാൻ വേണ്ടിയെത്താറുണ്ട്. സിനിമ കാണാൻ വന്നവർക്കൊപ്പം ഓപ്പൺ ഡിസ്കഷൻസ് നടക്കും. നിരവധി പ്രമുഖർ ചർച്ചിയിൽ പങ്കെടുക്കാൻ എത്തും.

Related Articles
Next Story