മലയാളത്തിലെ ചിരിച്ചിത്രങ്ങളുടെ സൂത്രധാരൻ സംവിധായകൻ ഷാഫിക്ക് വിട
വൺ മാൻ ഷോ മുതൽ ആനന്ദം പരമാനന്ദം വരെ
പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പിടി നല്ലസിനിമകൾ മലയാളത്തിന് നൽകിയ സംവിധായകൻ ഷാഫി അന്തരിച്ചു. ദിവസങ്ങൾ നീണ്ടു നിന്ന കടുത്ത തലവേദനയും ഉറക്കമില്ലായ്മയും മൂലം ജനുവരി 16 ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ആരോഗ്യനില വഷളായതിനാൽ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
മലയാള സിനിമയിലേക്ക് ഷാഫിയുടെ അരങ്ങേറ്റം 1995-ല്‍ രാജസേനന്റെ 'ആദ്യത്തെ കണ്മണി' എന്ന സിനിമയിലെ സഹസംവിധാന സഹായിയുടെ വേഷത്തിലാണ്. അദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം 2001-ല്‍ ജയറാം നായകനായ 'വണ്‍മാന്‍ഷോ'യാണ്. തുടർന്ന് സംവിധാനം ചെയ്ത കല്യാണരാമനും വമ്പൻ ഹിറ്റ്. അതെ തുടർന്ന് ഇങ്ങോട്ട് പുലിവാല്‍ കല്യാണം', 'തൊമ്മനും മക്കളും', 'മായാവി', 'ചോക്ലേറ്റ്', 'ചട്ടമ്പിനാട്', 'മേരിക്കുണ്ടൊരു കുഞ്ഞാട്', 'ടു കൺട്രീസ് 'തുടങ്ങി കൈവച്ച പടങ്ങളിലെല്ലാം ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താൻ ആ സംവിധായകന് കഴിഞ്ഞു. മലയാളത്തിൽ 16 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തതിലേറെയും തകർപ്പൻ ഹിറ്റുകൾ. പ്രേക്ഷകരെ ചിരിപ്പിക്കാൻ ഷാഫിക്ക് ഭാഷ ഒരു പ്രശ്നമല്ല എന്ന് കാണിച്ചു തന്ന ചിത്രമായിരുന്നു
'തൊമ്മനും മക്കളും'എന്ന സിനിമയുടെ തമിഴ് റീ-മേക്കായ 'മജ'. അദ്ദേഹം തമിഴിൽ തന്റെ സാന്നിധ്യമറിയിച്ച ചിത്രമായിരുന്നു വിക്രം നായകനായ മജ്ജ. 2022-ല്‍ പുറത്തിറങ്ങിയ 'ആനന്ദം പരമാനന്ദം' ആണ് അവസാന ചിത്രം.
സംവിധാനത്തിനൊപ്പം തന്നെ കഥയും തിരക്കഥയും നിർമ്മാണവും ഷാഫിയുടെ കൈകളിൽ ഭദ്രമായിരുന്നു. സ്വന്തം ചിത്രങ്ങളായ 'മേക്കപ്പ് മാന്‍', '101 വെഡ്ഡിങ്സ്' എന്നീ ചിത്രങ്ങൾക്ക് അദ്ദേഹം കഥയെഴുതി. 'ഷെര്‍ലക് ടോംസി'ല്‍ സച്ചിക്കൊപ്പം തിരക്കഥയിലും പങ്കാളിയായി. '101വെഡിങ് , ലോലിപോപ്പ്' എന്നീ ചിത്രങ്ങളിൽ നിർമ്മാതാവുമായി .
മലയാളത്തിൽ ഓർമ്മയിലേക്കെത്തുന്ന കോമഡി ചിത്രങ്ങളുടെ പട്ടികയിൽ ആദ്യം ഇടം പിടിക്കുന്നത് ഷാഫിയുടെ ചിത്രങ്ങളാക്കും. മിസ്റ്റർ പോഞ്ഞിക്കര, മണവാളൻ, പ്യാരി, കണ്ണൻ സ്രാങ്ക് തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾ. മലയാളത്തിന്റെ ട്രോൾ പേജുകൾ ഭരിക്കുന്നത് ഈ കഥാപാത്രങ്ങളാണ്. മലയാള സിനിമയിൽ ഷാഫി പരീക്ഷിച്ച ഫോർമുലകളെല്ലാം വിജയങ്ങളായിരുന്നു. കോമഡി മുന്നിൽ നിൽക്കുമ്പോഴും ലവ്,ആക്ഷൻ, സെന്റിമെന്റ്സ് തുടങ്ങി എലമെന്റ്സ് കൃത്യമായി മിക്സ് ചെയ്ത് കയ്യടി വാങ്ങാൻ ഷാഫിക്ക് സാധിച്ചു.