ജോർജ് കുട്ടിയെയും കുടുംബത്തെയും വേട്ടയാടുന്ന ഭൂതകാലവുമായി 'ദൃശ്യം 3' എത്തുന്നു.

മലയാളത്തിലെ ത്രില്ലെർ സിനിമകൾക്ക് വേറിട്ടൊരു രൂപം നൽകിയ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം എത്തുന്നു. മോഹൻ ലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. ' ഭൂതകാലം ഒരിക്കലും നിശബ്ദമല്ല' എന്ന കുറിപ്പോടെയാണ് മോഹൻ ലാൽ ചിത്രത്തെ സംബന്ധിക്കുന്ന അന്നൗൺസ്‌മെന്റ് നടത്തിയിരിക്കുന്നത്.
മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നിഗൂഢതകൾ ഒളിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതായിരുന്നു ദൃശ്യത്തിന്റെ രണ്ടുഭാഗങ്ങളും. മലയാളത്തിനുപുറമെ പല ഭാഷകളിലൊളിക്കും റീമേക്ക് ചെയ്ത ചിത്രത്തിൻറെ മൂന്നാം ഭാഗത്തിനായി ഭാഷയുടെ അതിർ വരമ്പുകൾക്കപ്പുറമുള്ള പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ചിത്രത്തിൻറെ മൂന്നാം ഭാഗത്തെ സംബന്ധിക്കുന്ന സൂചനകൾ നേരത്തെ തന്നെ ലഭിച്ചിരുന്നു. ദൃശ്യത്തിലേക്ക് താൻ എത്തിപ്പെടാൻ ഉണ്ടായ സാഹചര്യത്തെകുറിച്ച് മോഹൻലാൽ മുൻപൊരിക്കൽ പറഞ്ഞത് ഏറെ ചർച്ച ആയതാണ്.
ഷൂട്ട് ചെയ്യുന്നതിന് അഞ്ചു വർഷം മുൻപ് തന്നെ സംവിധായകന്റെ കയ്യിലുണ്ടായിരുന്ന തിരക്കഥയാണ് ദൃശ്യത്തിന്റേതെന്നാണ് മോഹൻ ലാൽ പറഞ്ഞത്. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നും പക്ഷെ അവർക്ക് സിനിമ ബോധ്യപ്പെട്ടില്ലെന്നും മോഹൻ ലാൽ പറഞ്ഞിരുന്നു. ആന്റണി പറഞ്ഞതനുസരിച്ചാണ് താൻ ആ കഥ കേട്ടതെന്നും കേട്ടപ്പോൾ അവിശ്വസീനയമായി തോന്നിയെന്നുമാണ് ദൃശ്യത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്.
കോവിഡ് സമയത്ത് ഓ ടി ടി റിലീസായി ഇറക്കിയതുകൊണ്ടു തന്നെ ലോകം എമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ചിത്രം എത്തി. അത് മലയാളം സിനിമ ഇൻഡസ്ട്രിക്ക് വലിയ നേട്ടമുണ്ടാക്കി. ചിത്രത്തിൻെറ ആദ്യ രണ്ടു ഭാഗങ്ങളും വമ്പൻ ഹിറ്റായതുകൊണ്ടു തന്നെ മൂന്നാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുകയാണ്.
2013 ലാണ് ജിത്തു ജോസെഫിന്റെ തിരക്കഥയിലും സംവിധാനത്തിലും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ദൃശ്യം എത്തിയത്. മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത വിധം നിഗൂഢത ഒളിപ്പിച്ച ചിത്രം വൻ വിജയമായി. 2021 ൽ ആമസോൺ പ്രൈമിലൂടെ നേരിട്ട് സ്ട്രീം ചെയ്തതിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിൻറെ രണ്ടാം ഭാഗവും വൻ വിജയമായി . അവിടെ തുടങ്ങിയതാണ് മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ്.
നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് മൂന്നാം ഭാഗത്തിലൂടെ പ്രേക്ഷകർ ശ്രമിക്കുന്നത്. ഇത്തവണ ജോർജ് കുട്ടി എന്ത് അടവാണെടുക്കുന്നത്? വരുണിന്റെ കൊലപാതകത്തിന് പിന്നിലെ നിഗൂഢതയുടെ ചുരുൾ അഴിയുയമോ? ജോർജ് കുട്ടി പിടികൊടുക്കുമോ പിടിക്കപ്പെടുമോ ? അങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുന്നുണ്ട്. എല്ലാത്തിനുമുള്ള ഉത്തരം നൽകാനാണോ വീണ്ടും ചോദ്യങ്ങൾ അവശേഷിപ്പിക്കാനാണോ ദൃശ്യം 3 ന്റെ വരവ് എന്നുള്ളത് ഏറെ ഉദ്വേഗം സൃഷ്ടിക്കുന്നതാണ്.