മദഗജരാജയുടെ പ്രീ-റിലീസ് ഇവന്റിൽ ആരാധകരെ ആശങ്കയിലാക്കി വിശാലിന്റെ ആരോഗ്യനില

പരിപാടിയിൽ താരം ഒരു സഹായിയുടെ പിന്തുണയോടെയാണ് വേദിയിലേക്ക് പ്രവേശിച്ചത്. 12 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചിത്രം ജനുവരി 12-ന് പൊങ്കൽ റിലീസായി എത്തും

2012ൽ വിശാലും സന്താനവും അഭിനയിച്ച കോമഡി എൻ്റർടെയ്‌നറായ മദഗജരാജ 2025 ജനുവരി 12 ന് റിലീസ് ചെയ്യുകയാണ്. സുന്ദർ സി സംവിധാനം ചെയ്ത ചിത്രം സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാൽ ആണ് വർഷങ്ങളായി റിലീസ് മുടങ്ങിയത്. മദഗജരാജയുടെ പ്രീ-റിലീസ് ഇവന്റിൽ അഭിനേതാക്കളായ വിശാൽ , അഞ്ജലി , സംവിധായകൻ സുന്ദർ സി എന്നിവർ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ വിശാലിൻ്റെ ആരോഗ്യനില എല്ലാവരെയും ആശങ്കയിലാക്കി. ഇവന്റിൽ സംസാരിക്കുമ്പോൾ വിശാലിന് കടുത്ത പനി ബാധിച്ച് വിറയ്ക്കുകയായിരുന്നു.

ഞായറാഴ്‌ച വൈകുന്നേരം ചെന്നൈയിൽ നടന്ന പ്രീ-റിലീസ് പരിപാടിയിൽ താരം ഒരു സഹായിയുടെ പിന്തുണയോടെയാണ് വേദിയിലേക്ക് പ്രവേശിച്ചത് . ഇതു കണ്ടപ്പോൾ തന്നെ ആരാധകർ ആശങ്കയിലായി. മൈക്ക് കയ്യിൽ പിടിച്ചു വിശാൽ സംസാരിക്കുമ്പോഴും വിറയ്ക്കുന്ന കൈകളോടെ ആയിരുന്നു നിന്നത്. എന്നാലും താരം ഏറെ കാലമായി കാത്തിരിക്കുന്ന തന്റെ ചിത്രത്തിനെ കുറിച്ച് സംസാരിക്കുകയും, ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ട് വിശാലിന്റെ ആരോഗ്യനിലയുടെ ഔദ്യോഗിക അപ്‌ഡേറ്റ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

അഞ്ജലി, വരലക്ഷ്മി ശരത്കുമാർ, സതീഷ്, സോനു സൂദ്, അന്തരിച്ച മനോബാല എന്നിവരാണ് മദഗജരാജയിൽ അഭിനയിക്കുന്ന മറ്റ് അഭിനേതാക്കൾ.മദഗജരാജ 2013-ൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. 12 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചിത്രം ഒടുവിൽ ജനുവരി 12-ന് പൊങ്കൽ ഉത്സവത്തോട് അനുബന്ധിച്ചു റിലീസ് ചെയ്യും.

Related Articles
Next Story