കഥയിൽ ഇടപെടാതെ നിർമാതാവ്; അരോമ മണിയെ ഓർമിച്ച് പത്മരാജന്റെ മകൻ അനന്ത പത്മനാഭൻ

അന്തരിച്ച നിർമാതാവ് അരോമ മണിയെ ഓർമിച്ച് സംവിധായകൻ പത്മരാജന്റെ മകൻ അനന്ത പത്മനാഭൻ. പത്മരാജന്റെ കള്ളൻ പവിത്രൻ, തിങ്കളാഴ്ച്ച നല്ല ദിവസം എന്നീ ചിത്രങ്ങൾ നിർമിച്ചത് അരോമ മണിയായിരുന്നു. ഒരിയ്ക്കലും കഥയിൽ ഇടപെടാതെ സംവിധായകന് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന നിർമാതാവായിരുന്നു അദ്ദേഹം എന്നാണ് അനന്തപത്മനാഭൻ കുറിച്ചത്.

അനന്തപത്മനാഭന്റെ കുറിപ്പ് വായിക്കാം

ഒരിയ്ക്കലും കഥയിൽ ഇടപെടാതെ സംവിധായകന് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത നിർമ്മാതാവ്. ഇങ്ങനെ ഒരാൾ ഇല്ലായിരുന്നെങ്കിൽ "കള്ളൻ പവിത്രൻ" " തിങ്കളാഴ്ച്ച നല്ല ദിവസം" എന്ന ചിത്രങ്ങൾ സംഭവിക്കില്ലായിരുന്നു. അച്ഛൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ തീയേറ്ററിൽ വിജയിച്ച ആദ്യ ചിത്രം "പവിത്ര " നായിരുന്നു. Iffi ൽ തിരഞ്ഞെടുക്കപ്പെടുകയും അത് വഴി ദൂരദർശൻ ഏറ്റെടുക്കുകയും ചെയ്തതോടെ ചിത്രം നിരൂപകപ്രശംസക്കൊപ്പം നല്ല ലാഭമായി.

"തിങ്കളാഴ്ച്ച നല്ല ദിവസം " തീയേറ്ററിൽ പരാജയപ്പെട്ടപ്പോഴും ദേശീയ പുരസ്ക്കാരവും Iffi പ്രവേശനവും നേടി നഷ്ടം നികത്തി. മണി സർ അരോമയുടെ ഓഫീസിൽ വെച്ചിരിക്കുന്ന പടവും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഈ സിനിമയുടെ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

അച്ഛന്റെ വേർപാടിന് തൊട്ട് മുമ്പും വരുന്ന "ഏതെങ്കിലും ഒരു ചിത്രത്തിനു വേണ്ടി " ഒരു അഡ്വാൻസ് അദ്ദേഹം ഏൽപ്പിച്ചിരുന്നു. കഥ ഒന്നും അറിയണ്ട..ഏൽപ്പിക്കുന്ന ആളിലുള്ള വിശ്വാസം !

അച്ഛന്റെ മരണം തിരക്കി വന്ന് ഇറങ്ങും മുമ്പേ എൻ്റെ കൈ പിടിച്ച് കുറച്ച് നേരം നിന്നു, " അച്ഛന് ഞാൻ ഒരു അഡ്വാൻസ് ഏൽപിച്ചിരുന്നു.... പോട്ടെ !.. പോയില്ലേ!"" ആ അഡ്വാൻസ് ചെറിയതായിരുന്നില്ല. 50000 രൂപ ഇക്കാലത്ത് പോലും ഒരു ചെറിയ അഡ്വാൻസല്ലല്ലൊ. നല്ല സിനിമകൾക്കായ് നിലകൊണ്ട ഒന്നാന്തരം ഒരു നിർമ്മാതാവിനെ, മനുഷ്യസ്നേഹിയെ കൂടി മലയാളത്തിന് നഷ്ടമാകുന്നു.

മണി സാറിന് സ്വസ്തി

Related Articles
Next Story