വിജയ്‌യ്ക്ക് ‘ഗോട്ട് സ്വർണ മോതിരം സമ്മാനിച്ച് നിർമാതാവ്
‘ഗോട്ട്’ സിനിമയുടെ വിജയത്തോടനുബന്ധിച്ച് നടൻ വിജയ്‌യ്ക്ക് സ്വർണത്തിൽ തീർത്ത ‘ഗോട്ട് മോതിരം’ സമ്മാനിച്ച് നിർമാതാവ് ടി. ശിവ. ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയതോടെ തിയറ്റർ പ്രദർശനം പലയിടത്തും അവസാനിപ്പിച്ചിരുന്നു. 380 കോടി ബജറ്റിൽ നിർമിച്ച ചിത്രം നിർമാതാക്കളെ കൈപൊള്ളാതെ രക്ഷിച്ചെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.
കണക്കുകൾ പ്രകാരം 459 കോടിയാണ് ചിത്രത്തിന്റെ ആഗോള കലക്‌ഷൻ. തമിഴ്‌നാട്ടിൽ ഏകദേശം 215 കോടി രൂപ നേടിയ ചിത്രം ലിയോയെ മറികടന്ന് ഈ വർഷം തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ ചിത്രമെന്ന വിശേഷണം സ്വന്തമാക്കി. 100 കോടി നേടുന്ന വിജയ്‌യുടെ എട്ടാമത്തെ ചിത്രമാണ് ‘ഗോട്ട്’. ലിയോയ്ക്ക് ശേഷം 400 കോടി ഗ്രോസ് മറികടക്കുന്ന തുടർച്ചയായ രണ്ടാമത്തെ വിജയ് ചിത്രമാണിത്.
ആഗോളതലത്തിൽ, 2.0, ലിയോ, ജയിലർ, പൊന്നിയിൻ സെൽവൻ - 1 തുടങ്ങിയ സിനിമകൾക്കു പിന്നാലെ, എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ അഞ്ചാമത്തെ തമിഴ് ചിത്രമായി ദ് ഗോട്ട് നിൽക്കുന്നു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് വിജയ്‌യുടെ അടുത്ത പ്രൊജക്ട്.