സംവിധായകന്റെ ചതിയിൽ പ്രൊഡ്യൂസറിന് വൻ നഷ്ടം: പ്രൊഡക്ഷൻ കോൺട്രോളാരുടെ വെളിപ്പെടുത്തൽ
4 കോടിയിൽ പൂർത്തിയാക്കേണ്ട ചിത്രിത്തിനായി മുടക്കിയത് 20 കോടി

സിനിമ മേഖലക്കുണ്ടായ നഷ്ടത്തെക്കുറിച്ച് പറയുമ്പോൾ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തിൽ ഇമ്മാനുവൽ ജോസഫും അജിത്ത് തലപ്പിള്ളിയും ചേർന്ന് നിർമ്മിച്ച സുമേഷിന്റെയും സുമലതയുടെയും ഹൃദയകാരിയായ പ്രണയകഥ എന്ന ചിത്രത്തെക്കുറിച്ച് പറയാതിരിക്കാനാകില്ല.
4 കോടി ബഡ്ജറ്റിൽ തീർക്കേണ്ട സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ 20 കോടി രൂപ വേണ്ടി വന്നെന്നും ചിത്രം പരാജയപ്പെട്ടതിനാൽ നിർമ്മാതാവ് പാപ്പരായെന്നുമുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയായ സുരേഷ് കുമാർ ഇത് സംബന്ധിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറെ പ്രൊഡക്ഷൻ കോൺട്രോളറായ ബിനു മണമ്പൂർ.
ചിത്രത്തിൽ പ്രൊഡ്യൂസറിന് ഇത്രയും വലിയ നഷ്ടമുണ്ടാകാൻ കാരണം സംവിധായകന്റെ ചതി ആണെന്ന് തന്നെയാണ് ബിനു മണമ്പൂർ പറയുന്നത്. ഇത് വെളിപ്പെടുത്തുന്ന രീതിയിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്. സുരേഷ് കുമാർ കഴിഞ്ഞ ദിവസം പങ്കു വച്ച വീഡിയോയിലെ വിവരങ്ങൾ സത്യസന്ധമാണെന്നാണ് ബിനു മണമ്പൂർ പറയുന്നത്. ആ പോസ്റ്റിന് താഴെ വന്ന എല്ലാ കമെന്റുകളും താൻ വായിച്ചെന്നും അദ്ദേഹം പറയുന്നു. 4 കോടി പറഞ്ഞിട്ട് 20 കോടി വരെ എത്തിയെങ്കിൽ സിനിമയിൽ പ്രവർത്തിച്ചവരെല്ലാം കൂടി പ്രൊഡ്യൂസറിനെ പറ്റിച്ചു എന്നാണെന്ന തരത്തിലുള്ള കമെന്റുകൾ വന്നിട്ടുണ്ട്. താനും സിനിമയുടെ ഭാഗമായി പ്രവർത്തിച്ചവരിലൊരാളാണെന്ന് പറഞ്ഞുകൊണ്ടാണ് ബിനു മണമ്പൂർ പ്രതികരിക്കുന്നുന്നത്. താനോ സിനിമയിൽ പ്രവർത്തിച്ച മറ്റ് അഭിനേതാക്കളോ പ്രവർത്തകരോ ഒന്നും തന്നെ പ്രൊഡ്യൂസര്മാരെ പറ്റിച്ചിട്ടില്ലെന്നും നഷ്ടം സംഭവിച്ചതിന് ഒരേ ഒരു കാരണം അവർ വിശ്വസിച്ച് കോടികൾ മുടക്കിയ ചിത്രത്തിൻറെ സംവിധായകൻ മാത്രമാണെന്നുമാണ് അദ്ദേഹം പറയുന്നത്. കൂടാതെ 4 കോടി പറഞ്ഞിട്ട 20 കോടി വരെ എത്തിയ ചിത്രം തിയേറ്ററിൽ എത്തിച്ചതിന് അദ്ദേഹം പ്രൊഡ്യൂസർമാരെ അഭിനന്ദിക്കുകയും ചെയ്‌തു.