ബ്രേക്ഡൗണുമായിയുള്ള സാമ്യം തികച്ചും യാദൃശ്ചികം ; വിടമുയാർച്ചി പകർപ്പവകാശ ലംഘനത്തിൽ പ്രതികരിച്ച് ലൈക്ക പ്രൊഡക്ഷൻസ്
അജിത് കുമാർ നായകനായ ആക്ഷൻ ത്രില്ലെർ വിടമുയാർച്ചി 2025 പൊങ്കലിന് പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്, എന്നാൽ അടുത്തിടെ ചിത്രം പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട നിയമപ്രശ്നത്തിൽ കുടിങ്ങിയതായിയുള്ള വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞതാണ് .ഇപ്പോഴിതാ, സിനിമയുടെ നിർമ്മാതാക്കൾ ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. തങ്ങൾക്ക് അങ്ങനെയൊരു അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.ഹോളിവുഡ് ചിത്രമായ ബ്രേക്ഡൗണുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന് വിടമുയാർച്ചിയുടെ ട്രയ്ലർ എത്തിയപ്പോൾ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഹോളിവുഡ് ചിത്രത്തിന്റെ നിർമ്മാതാക്കളായ പാരാമൗണ്ട് പിക്ചർസ് വിടമുയാർച്ചിയുടെ നിർമ്മാതാക്കൾക്ക് എതിരെ 150 കോടി ആവശ്യപ്പെട്ടു കേസ് നൽകിയെന്നുമായിരുന്നു ലഭിച്ച വാർത്ത.
എന്നാൽ വിടമുയാർച്ചിയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് കമ്പനിക്ക് ഒരു തരത്തിലുള്ള നിയമപരമായ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി. ടീസറിൽ കർട്ട് റസ്സൽ അഭിനയിച്ച ബ്രേക്ക്ഡൗണിന് സമാനമായ ദൃശ്യങ്ങൾ അടങ്ങിയിരിക്കുന്നത് തികച്ചും യാദൃശ്ചികമാണെന്ന് അവർ പറയുന്നു. മകിഴ് തിരുമേനിയാണ് ചിത്രത്തിന്റെ രചന- സംവിധാനം ചെയ്യുന്നത്. തൃഷ കൃഷ്ണനും, റെജീന കസാന്ദ്ര എന്നിവരാണ് ചിത്രത്തിലെ നായികമാർ.അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ചിത്രമായ ഇന്ത്യൻ 2, വേട്ടയാൻ എന്നിവ നേരിട്ട പരാജത്തിൽ കടുത്ത ആശങ്കയിലാണ് ലൈക്ക പ്രൊഡക്ഷൻസ്.