വൈരുധ്യങ്ങളിൽ നിന്ന് സംഗീതലോകത്തെത്തിയ പാട്ടുകാരി ... വാണിയമ്മ എന്ന വാണി ജയറാം .......!

വൈരുധ്യങ്ങളിലൂടെ സഞ്ചരിച്ച് അവസാനം സംഗീത പ്രേമികളുടെ മനസ്സിൽ ഇടം ഉറപ്പിച്ചൊരു കലാകാരി. തമിഴ് നാട്ടിൽ ജനിച്ചു , സാമ്പത്തിക ശാസ്ത്രം പഠിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിലെത്തി പിന്നീട് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചു. പക്ഷേ , നിറഞ്ഞു നിന്നതത്രയും ദക്ഷിണേന്ത്യൻ സംഗീതലോകത്ത് . 'കലയ് റാണി' എന്ന് പറഞ്ഞാൽ മലയാളികൾക്ക് ചിലപ്പോൾ മനസ്സിലായെന്നു വരില്ല. പക്ഷെ വാണിയമ്മ എന്ന് പറഞ്ഞാൽ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അതെ, മലയാളികൾ വാണിയമ്മ എന്ന് സ്നേഹവും ആരാധനയും ചേർത്ത് വിളിക്കുന്ന ഇന്ത്യയിലെ തന്നെ പ്രശസ്തയായ പിന്നണി ഗായിക വാണി ജയറാം. വാണിയമ്മയെ ഓർക്കാൻ മലയാളികൾക്ക് ദീർഘ നീള വാക്കുകളുടെ ആവശ്യം ഇല്ല. അവർ പാടി അനശ്വരമാക്കിയ ഒരു പിടി മധുര ഗാനങ്ങൾ തന്നെ ധാരാളം. വാണിയമ്മയുടെ ഓർമ്മ ആയിട്ട് രണ്ടു വർഷം തികയുന്നു .. മലയാളം കൂടാതെ തമിഴ്, തെലുങ്കു, മറാത്തി , ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ പാടി . ഓരോ ഭാഷയിലെയും അവരുടെ അരങ്ങേറ്റഗാനങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റ്. നിരവധി താരങ്ങളുടെ അരങ്ങേറ്റ ചിത്രങ്ങൾക്കു വേണ്ടിയും വാണിയമ്മ പാടി. ആ താരങ്ങളെല്ലാം തന്നെ പിന്നീട് സൂപ്പർ സ്റ്റാറുകളായി മാറി.


1973 ൽ സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനം എന്ന പാട്ടിലൂടെ മലയാള സിനിമ പിന്നണിഗാനരംഗത്തേക്ക് കടന്നു വന്ന വാണിയമ്മ വാസനമായി പാടിയ പുലിമുരുകനിലെ ' മാനത്തെ മാറിക്കുരുന്നേ എന്ന ഗാനം വരെ ആ യാത്ര തുടർന്ന് . അരങ്ങേറ്റം തൊട്ടിങ്ങോട്ട് ആഷാഢമാസം ആത്മാവിൻ മോക്ഷം, ഏതോ ജന്മ കൽപ്പനയിൽ, നാഥപുരം പള്ളിയിലെ, തിരുവോണ പുലരിതൻ, പകൽ സ്വപ്നത്തിൽ പവനുറുക്കും തുടങ്ങി നിരവധി പാട്ടുകൾ പാടി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനങ്ങളെ ധന്യമാക്കിയ വാണിയമ്മയെ പുതിയ തലമുറയ്ക്കോർക്കാൻ 1993 യിലെ ഓലഞ്ഞാലി കുരുവി എന്ന ഒരൊറ്റ ഗാനം മതിയാകും.

കലയോടും ജീവിതത്തോടും വാണിയമ്മ സ്വീകരിച്ചിരുന്ന വീക്ഷണം അനുകരണ മാതൃകകളില്ലാത്തതാണ്. നഷ്ടപ്പെട്ടതോർത്ത് വിഷമിച്ചിരുന്ന സ്വഭാവക്കാരിയായിരുന്നില്ല.. പകരം തന്റെ നേട്ടങ്ങളിൽ സന്തോഷിച്ചു, എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി മാത്രം സമീപിച്ചു. അതെ പോസിറ്റിവിറ്റി മറ്റുള്ളവരിലേക്ക് പകരാനും വാണിയമ്മക്ക് കഴിഞ്ഞു.

ഒരു സംവിധായകന്റെയും ഫേവറൈറ് ലിസ്റ്റിൽ ഉൾപ്പെട്ട പാട്ടുകാരി അല്ലാതിരുന്നതുകൊണ്ടാണോ ജാനകി അമ്മയ്ക്കും സുശീല അമ്മയ്ക്കും ലഭിച്ച അത്രയും പാട്ടുകൾ വാണിക്ക് കിട്ടാതിരുന്നതെന്ന് ഒരു അഭിമുഖത്തിൽ ഇന്റർവ്യൂവർ ചോദിച്ചപ്പോൾ ഞാൻ എല്ലാ സംവിധായകർക്കും പ്രിയപ്പെട്ടതായിരുന്നെന്നും എല്ലാവരും തന്നെ പാടാൻ വിളിക്കുമായിരുന്നെന്നുമാണ് വാണിയമ്മ മറുപടി പറഞ്ഞത്.


മാത്രമല്ല വാണിയമ്മ കൂടുതൽ പാടിയിട്ടുള്ളതും പാടാൻ ഒരുപാട് പ്രയാസമുളള പാട്ടുകളായിരുന്നു. അതുകൊണ്ടു തന്നെ പാടാൻ പ്രയാസമുള്ള പാട്ടുകൾ കമ്പോസ് ചെയ്യുമ്പോൾ തന്നെയാണ് സെലക്ട് ചെയ്തിരുന്നതെന്നും വാണിയമ്മ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ തുടർച്ചയായി തന്നെ പാടാൻ വിളിക്കിലായിരുന്നു എന്നതിനേക്കാൾ പാടാൻ പ്രയാസമുള്ള പാട്ടുകൾ പാടാൻ തന്നെ വിളിക്കുന്നത്തിൽ അഭിനയിച്ചിരുന്ന വ്യക്ത്തിയാണ് വാണിയമ്മ.

മൂന്നു തവണയാണ് വാണിയമ്മക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുള്ളത്. എന്നാൽ ,മലയാളത്തിൽ ഇത്രയധികം പാട്ടുകൾ പാടിയിട്ടും ഒരിക്കൽ പോലും വാണിയമ്മക്ക് കേരള സർക്കാരിന്റെ സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടില്ല. അതെ കുറിച്ചു അഭിമുഖത്തിൽ ചോദിച്ചപ്പോൾ താനൊരിക്കലും അവാർഡുകൾ തേടി പോയിട്ടില്ലെന്നും എന്നിലേക്കു വരുന്നതാണ് എനിക്കുള്ളതെന്നും വാണിയമ്മ പറയുന്നു. ആളുകൾ തന്റെ പാട്ടുകളെ ഓർക്കുന്നതും ആ പാട്ടുകളെ സ്നേഹിക്കുന്നതും ആയിരുന്നു ആ കലാകാരിയെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം. ആ പാട്ടുകളെ സ്നേഹിക്കാതിരിക്കാനും ആ ഈണങ്ങൾ വീണ്ടും ഓർക്കാതിരിക്കാനും പാട്ടിനെ സ്നേഹിക്കുന്നവരിലാർക്കാണ് കഴിയാതിരുന്നത്. ഇനിയും ഓർക്കാം ...വീണ്ടും വീണ്ടും ആ പാട്ടുകൾ ഏറ്റു പാടാം. അത് തന്നെയാണ് വാണിയമ്മയുടെ ഓർമകൾക്ക് നൽകാവുന്ന ഏറ്റവും വലിയ സ്നേഹ സമ്മാനം.

Related Articles
Next Story