ആരാധകനെ കൊന്നു; കുറ്റം ഏറ്റെടുക്കാൻ ടാക്‌സി ഡ്രൈവറെ നിർബന്ധിച്ചു
കേസിൽ താനും പ്രതിയാണെന്ന വിവരവും മാധ്യമങ്ങളിലൂടെയാണ് ഇയാൾ അറിഞ്ഞത്.
ബെംഗളൂരു: കന്നഡ നടൻ ദർശൻ ഉൾപ്പെട്ട കൊലക്കേസിൽ കുറ്റം ഏറ്റെടുക്കാനായി ടാക്‌സി ഡ്രൈവറെ നിർബന്ധിച്ചതായി റിപ്പോർട്ട്. കൊല്ലപ്പെട്ട രേണുകാസ്വാമിയെ ചിത്രദുർഗയിൽനിന്ന് ബെംഗളൂരുവിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറായ രവിശങ്കറിനോടാണ് കൊലയാളികൾ കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, രവിശങ്കർ ഇതിന് വിസമ്മതിച്ചെന്നും തുടർന്ന് ടാക്‌സി വാടക വാങ്ങി ബെംഗളൂരുവിൽനിന്ന് മടങ്ങുകയാണുണ്ടായതെന്നും ഇയാളുടെ സഹപ്രവർത്തകർ പറഞ്ഞു.
സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് നടൻ ദർശനും നടി പവിത്രയും കൊലക്കേസിൽ അറസ്റ്റിലായത് രവിശങ്കർ അറിഞ്ഞത്. കേസിൽ താനും പ്രതിയാണെന്ന വിവരവും മാധ്യമങ്ങളിലൂടെയാണ് ഇയാൾ അറിഞ്ഞത്. ഇതോടെ പകച്ചുപോയ രവിശങ്കർ സുഹൃത്തുക്കളുടെ അടുത്തെത്തി കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞതായാണ് റിപ്പോർട്ട്. സുഹൃത്തുക്കളുടെ നിർദേശപ്രകാരം വ്യാഴാഴ്ച ഇയാൾ ചിത്രദുർഗ പോലീസിൽ കീഴടങ്ങുകയായിരുന്നു.