'ഒപ്പം' സിനിമയ്ക്കെതിരെ കേസ് നൽകി അനുകൂല വിധി സ്വന്തമാക്കി യുവതി.

മോഹൻലാൽ നായകനായ 'ഒപ്പം' എന്ന സിനിമയിൽ തന്റെ അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ നൽകിയ പരാതിയിൽ ഒടുവിൽ തനിക്ക് അനുകൂലമായ കോടതിവിധി നേടിയെടുത്തിരിക്കുകയാണ് കൊടുങ്ങല്ലൂർ അസ്മാബി കോളേജ് അധ്യാപികയായ പ്രിൻസി ഫ്രാൻസ്.

'ഒപ്പം' സിനിമ തിയേറ്ററിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ അപ്രത്യക്ഷമായാണ് തന്റെ ചിത്രം സിനിമയുടെ ഒരു ഭാഗത്ത് പ്രിൻസി കാണുന്നത്. ചിത്രത്തിലെ പോലീസുകാരിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീ കൈകാര്യം ചെയ്യുന്ന കേസിനുള്ളിലാണ് പ്രിൻസിയുടെ ചിത്രം കാണുന്നത്. വളരെ ക്രൂരമായി കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ കേസ് ഫയൽ ആയിരുന്നു അത്. എന്നാൽ തന്റെ അനുവാദമില്ലാതെ തന്റെ ചിത്രം സിനിമയിൽ ഉപയോഗിച്ചതിനെതിരെ സിനിമയുടെ നിർമ്മാണ കമ്പനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെങ്കിലും അതിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് പ്രിൻസി തുടർനടപടികളുമായി മുന്നോട്ടു പോയത്. ഹൈക്കോടതിയിൽ കേസ് കൊടുത്തപ്പോൾ കോടതി നിർദ്ദേശപ്രകാരമാണ് ചാലക്കുടി മുൻസിഫ് കോടതിയിൽ മാന നഷ്ടത്തിന് കേസ് നൽകിയത്. സീനിയർ വക്കീലായ നാരായണൻകുട്ടിയാണ് പ്രിൻസിയുടെ കേസ് വാദിച്ചത്. കമ്പനിക്ക് വേണ്ടി ഹാജരായ വക്കീൽ പരമാവധി കേസ് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിച്ചതെന്നും പ്രിൻസി പറയുന്നു.

നമ്മുടെ അനുവാദം ഇല്ലാതെ നമ്മുടെ ചിത്രം ഉപയോഗിക്കുന്നതെന്ന് ശരിയല്ലാത്തതു കൊണ്ടാണ് കേസുമായി മുന്നോട്ടു പോയതെന്നാണ് പ്രിൻസിയുടെ നിലപാട്. പ്രിൻസിക്കൊപ്പം കുടുംബവും പൂർണ്ണ പിന്തുണയുമായി നിന്നു. സിനിമയിൽ നിന്നും ഫോട്ടോ മാറ്റണമെന്നും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ പ്രിൻസിക്ക് നൽകണമെന്നുമാണ് കോടതി വിധി. കോടതി ചെലവ് ഒരു ലക്ഷത്തി 1,68,000 രൂപ എന്ന നിലയിലാണ് വിധി വന്നിരിക്കുന്നത്.

2016ൽ ഇറങ്ങിയ മോഹൻലാൽ നായകനായ 'ഒപ്പം' എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ആയിരുന്നു.

Related Articles
Next Story