ഇതാണ്ടാ വില്ലൻ.... മമ്മൂട്ടിക്കമ്പനിയുടെ 7മത് ചിത്രം കളങ്കാവൽ
മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എന്നതാണ് ഈ പ്രോജക്റ്റിന്‍റെ ഹൈലൈറ്റ്.

പ്രഖ്യാപിച്ചതുമുതൽ പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി - വിനായകൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ' കളങ്കാവൽ ' എന്നാണ് ചിത്രത്തിന്റെ പേര്.
മുടി പിന്നിലേയ്ക്ക് നന്നായി ചീകി ഒതുക്കി, വായിൽ ഒരു സിഗരറ്റും കടിച്ചു പിടിച്ച് കാറിൽ നിന്നും ആരെയോ വലിച്ചിറക്കാൻ സ്രെമിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കൈയുടെ ഇടയിൽ മറ്റൊരാളുടെ കയ്യും കാണാൻ സാധിക്കും. ചിത്രത്തിലെ വിനായകൻ കഥാപാത്രത്തിന്റെ ചിത്രമുള്ള പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.
ഹിറ്റ് നിർമ്മാതാവായ മമ്മൂട്ടിയുടേയും, മമ്മൂട്ടി കമ്പനിയുടെയും 7 മത് നിർമ്മാണ ചിത്രമാണിത്. കഴിഞ്ഞ വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് നാഗർകോവിലിൽ ആയിരുന്നു ആരംഭിച്ചത്. ലൊക്കേഷനില്‍ നിന്നുള്ള ചില സ്റ്റില്ലുകൾക്കൊപ്പം മമ്മൂട്ടിയുടെ ചിത്രത്തിലെ വ്യത്യസ്ത ലൂക്കും വൈറൽ ആയിരുന്നു.
മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എന്നതാണ് ഈ പ്രോജക്റ്റിന്‍റെ ഹൈലൈറ്റ്.തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍ എന്നത്. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
അതേസമയം, ദക്ഷിണേന്ത്യയിൽ കോളിക്കം സൃഷ്‌ടിച്ച സൈക്കോ കുറ്റവാളി സൈനൈഡ് മോഹനായി ആണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്നും പറയപ്പെടുന്നുണ്ട്. വിനായകൻ നായകനാകുന്ന ചിത്രത്തിൽ മമ്മൂട്ടി വില്ലനായി ആയിരിക്കും എത്തുക എന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ സൈനൈഡ് മോഹനിൽ നിന്നുമാണ് മമ്മൂക്കയുടെ കഥാപാത്രം ഒരുക്കിയതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന വിജയ ചിത്രത്തിന്‍റെ രചയിതാക്കളില്‍ ഒരാളായിരുന്നു ജിതിന്‍ കെ ജോസ്. ജിതിന്‍ കെ ജോസും വിഷ്ണു ശ്രീകുമാറുമാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് .ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. കിഷ്കിന്ദകാണ്ഠം, രേഖ ചിത്രം എന്നിവയിലൂടെ പ്രശസ്തനായ മുജീബ് നജീബ് ആണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്.