പണ്ട് രാജുവിനെതിരെ മുദ്രാവാക്യം വിളിച്ചവർ ഇന്ന് അനുഭവിക്കുന്നുണ്ട്: മല്ലിക സുകുമാരൻ
ബ്രോ ഡാഡി’ സിനിമയുടെ ചിത്രീകരണത്തിനിടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ പ്രതികരിച്ച് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. സെറ്റിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നും പീഡനവിവരം അറിഞ്ഞപ്പോൾത്തന്നെ സെറ്റിൽനിന്ന് മൻസൂറിനെ പൃഥ്വിരാജ് പറഞ്ഞു വിട്ടു എന്നും മല്ലിക സുകുമാരൻ പറഞ്ഞു.
“ബ്രോ ഡാഡി എടുക്കുമ്പോൾ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല. മൂന്നോ നാലോ ഹോട്ടലുകളിലായാണ് ഞങ്ങളെല്ലാം താമസിച്ചത്. അവിടെ കല്യാണ സീനിൽ അഭിനയിക്കാൻ വന്ന ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാൾ ഈ കക്ഷിയുമായി ഒന്ന് രണ്ട് വർഷമായി ചാറ്റിങ് ഉണ്ടായിരുന്നു. ഇത് ആരറിയുന്നു. സംഭവം ആശിർവാദ് സിനിമാസ് അറിയുന്നത് എമ്പുരാന്റെ ഫസ്റ്റ് ഷെഡ്യൂൾ ഡൽഹിയിൽ വച്ച് നടക്കുമ്പോഴാണ്. സംഭവം അറിഞ്ഞപ്പോൾ തന്നെ പോലീസിൽ പോയി കീഴടങ്ങാൻ പറഞ്ഞു. എന്നിട്ട് കൂടെ വർക്ക് ചെയ്താൽ മതി എന്ന് പറഞ്ഞു. ഇതൊന്നും അറിയാതെ പൃഥ്വിരാജ് അത് പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെയാണ് സംസാരം”.
“അഭിപ്രായം തുറന്നു പറയുന്നതുകൊണ്ട് അമ്മയിലെ ഏറ്റവും വലിയ ശത്രു ഞാനാണ്. പല സമയത്തും പലയിടത്തും എന്റെ പേരുകൾ വരുമ്പോൾ അത് വേണ്ട എന്ന് പറയുന്ന ഒരു പ്രവണത അമ്മയിലുണ്ട്. ഞാൻ ഒന്നും മിണ്ടുന്നില്ല എന്നേയുള്ളൂ. എവിടെയെങ്കിലും കയറിയിരുന്ന് അഭിപ്രായം പറയാൻ എന്നെ അമ്മ വിളിക്കില്ല. മരണം വരെയും വിളിക്കില്ല. നമ്മൾ തുറന്നു പറയുന്നത് അവിടെ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. പണ്ട് രാജുവിനെതിരെ മുദ്രാവാക്യം വിളിച്ച വലിയ ഒരു വിഭാഗമുണ്ടായിരുന്നു. അവർക്കൊക്കെ എതിരെ ഇപ്പോൾ ജനം മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഇതാണ് ബൂമറാങ് പോലെ തിരിച്ചുവരുമെന്ന് പറയുന്നത്. 20 വയസ്സുള്ള ഒരു ചെറുക്കനെ എല്ലാരും കൂടെ ബുദ്ധിമുട്ടിച്ചതാണ്. ഞാനാണ് ആ വേദന അനുഭവിച്ചത്”-മല്ലിക സുകുമാരൻ പറഞ്ഞു.