പ്രകൃതി വിരുദ്ധ പീഡനം: സംവിധായകൻ രഞ്ജിത്തിനെതിരെ കേസ് എടുത്ത് ബാംഗ്ലൂർ പോലീസ്.

യുവാവിന്റെ പീഡന പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത് ബാലകൃഷ്ണനെതിരെ കേസ് എടുത്ത് ബാംഗ്ലൂർ പോലീസ്. ബംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്ന 31 കാരന്റെ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. കേസിൽ പരാതിക്കാരന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ മല്ലികാർജുന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. മൊഴി പരിശോധിച്ച ശേഷം രഞ്ജിത്തിതിനെ ചോദ്യം ചെയ്യലിനും തുടർ നടപടികൾക്കായും വിളിപ്പിക്കുമെന്ന് ബാംഗ്ലൂർ പോലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിലാണ് താമസിക്കുന്നത്.

എഫ്ഐആർ അനുസരിച്ചു 2012 ഡിസംബറിൽ ആയിരുന്നു സംഭവം നടക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത 'ബാവൂട്ടിയുടെ നാമത്തിൽ ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടൻ മമ്മൂട്ടിയെ കാണാനായി എത്തിയതായിരുന്നു യുവാവ്. എന്നാൽ ആ സമയം രഞ്ജിത്ത് പരാതിക്കാരന്റെ ഫോൺ നമ്പർ വാങ്ങുകയും, ബാംഗ്ലൂരിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ആഡംബര ഹോട്ടലിലേയ്ക്ക് ക്ഷണിക്കുകയുമായിരുന്നു . ഹോട്ടലിൽ എത്തിയ ശേഷം മദ്യം നൽകുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് യുവാവിന്റെ പരാതി. തന്റെ നഗ്ന ഫോട്ടോകൾ പകർത്തുകയും, രഞ്ജിത്തിന്റെ സുഹൃത്തായ ഒരു നടിയ്ക്ക് അത് അയച്ചു നൽകുകയും ചെയ്‌തെന്ന് യുവാവ് ആരോപിക്കുന്നു.

ആദ്യം പരാതി കോഴിക്കോട് പൊലീസിനാണ് നൽകിയതെങ്കിലും കേസിനു ആസ്പദമായ സംഭവം ബാംഗ്ലൂരിലെ ആഡംബര ഹോട്ടലിൽ വെച്ചാണ് നടന്നതെന്ന കാരണത്താൽ കേസ് ബാംഗ്ലൂർ പോലീസ് ഏറ്റെടുക്കുകയും എഫ്ഐആർ ഫയൽ ചെയ്യുകയുമായിരുന്നു.

സെക്ഷൻ 377 പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിനും 66 E സ്വകാര്യത ലംഘിക്കുന്നതിനുള്ള ഐ ടി ആക്ട് എന്നി വകുപ്പുകൾ ചുമത്തിയാണ് രഞ്ജിത്തിനെതിരെ ബാംഗ്ലൂർ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സിനിമ മേഖലയിലെ അസമത്വവും ,ലൈംഗീക പീഡന പരാതികളും വരുന്ന സാഹചര്യത്തിലായിരുന്നു സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ് എത്തിയത്. സെപ്റ്റംബർ 9 കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കേസിൽ രഞ്ജിത്തിന് 30 ദിവസത്തേയ്ക്ക് ജാമ്യം നൽകിയിരുന്നു.

Related Articles
Next Story