ദുൽഖറിനൊപ്പം വിജയ് ദേവർകൊണ്ടയും: ജസ്ലീൻ റോയലിന്റെ പുതിയ മ്യൂസിക്കൽ ആൽബം ഉടൻ
2023ൽ സംഗീത ആസ്വാദകരെ മുഴുവൻ ആവേശത്തിലാക്കി ഗാനമാണ് ദുൽഖർ സൽമാനും ജസ്ലീൻ റോയാലും ചേർന്നഭിനയിച്ച 'ഹീരിയെ' എന്ന ഹിന്ദി മ്യൂസിക്കൽ ആൽബം. ഇപ്പോൾ ഗായികയും ഗാന രചയിതാവുമായ ജസ്ലീൻ റോയൽ പുതിയൊരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്. തന്റെ പുതിയ പ്രൊജക്ടിൽ ദുൽഖറിനൊപ്പം വിജയ് ദേവർകൊണ്ടയും ഒന്നിക്കുന്നു എന്നുള്ള കാര്യം തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജസ്ലീൻ.
''വലിയ സ്വപ്നങ്ങളുള്ള ഒരു പെൺകുട്ടിയ്ക്ക് പ്രപഞ്ചം ഈ രണ്ട് സൂപ്പർഹീറോകളെ തന്നു . ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് മാജിക് ഉണ്ടാക്കുകയാണ്. 'ഹീരിയേ' മുതൽ അടുത്തത് വരെയുള്ള എല്ലാ ഗാനങ്ങളും എൻ്റെ ഹൃദയത്തിൻ്റെ ഭാഗങ്ങളാണ്. 15-ന് ശെരിക്കും സ്പെഷ്യലായ ഒന്നിനുവേണ്ടി തയ്യാറായിക്കോളു''.മൂവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ജസ്ലീൻ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ച വരികളാണിവ.
2023ൽ ആണ് ജസ്ലീൻ റോയാലും ദുൽഖർ സൽമാനും കൂടെ ഒന്നിച്ചു 'ഹീരിയെ' എന്ന മ്യൂസിക്കൽ ആൽബം പുറത്തുവന്നത്. ജസ്ലീൻ തന്നെയായിരുന്നു ഈ പാട്ടിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ആർജിത് സിംഗ് ആയിരുന്നു ഗാനം ആലപിച്ചത്. ഗാനം വൈറൽ ഹിറ്റ് ആവുകയും നിരവധി ആളുകളുടെ പ്രിയപ്പെട്ടതായി മാറുകയും ചെയ്തിരുന്നു.