പ്രേമലു ഹിറ്റായപ്പോൾ ശ്യാം മോഹൻ എന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് പറയുമായിരുന്നു; ശിവകാർത്തികേയൻ
പ്രേമലു സിനിമയിലൂടെ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയ നടനാണ് ശ്യാം മോഹൻ. ചിത്രത്തിലെ ആദി എന്ന കഥാപാത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. പ്രേമലു റീലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ശിവകാർത്തികേയൻ ചിത്രം അമരനിൽ ശ്യാം അഭിനയിച്ചിരുന്നു. പ്രേമലു റിലീസ് ചെയ്തപ്പോൾ സിനിമയിലെ ശ്യാം മോഹന്റെ കഥാപാത്രം താൻ ഏറെ ആസ്വദിച്ചെന്ന് പറയുകയാണ് ശിവകാർത്തികേയൻ. അമരൻ സിനിമയുടെ പ്രമോഷൻ ഭാഗമായി കേരളത്തിൽ നടന്ന പരിപാടിയിലാണ് നടന്റെ പ്രതികരണം.
‘അമരൻ സിനിമയിൽ കൂടെ അഭിനയിച്ച ഒരുപാട് ആളുകളുണ്ട്. ശ്യാം മോഹനും അമരനിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രേമലു എന്ന സിനിമ ഞാൻ ഒരുപാട് എൻജോയ് ചെയ്ത് കണ്ടിരുന്നു. ഇടക്കിടെ ‘ജെ.കെ’ എന്ന് പറഞ്ഞാണ് ശ്യാമിൻ്റെ കഥാപാത്രം പ്രേമലുവിൽ വരുന്നത്. ആ സമയത്തൊക്കെ ഞാൻ ശ്യാമിനെ കാണുമ്പോൾ പെട്ടെന്ന് എന്റെ വൈഫിനോട് ‘ഇദ്ദേഹം എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്’ എന്ന് പറയുമായിരുന്നു.
പ്രേമലു വരുന്നതിന് മുമ്പായിരുന്നു അമരന്റെ ഷൂട്ടിങ് നടന്നിരുന്നത്. അന്ന് എന്തുചെയ്യുന്നുവെന്ന് ശ്യാമിനോട് ചോദിച്ചിരുന്നു. അപ്പോൾ ചെറിയ സിനിമകളിലൊക്കെ ചെറിയ റോളുകളിൽ അഭിനയിക്കുകയാണ് എന്നായിരുന്നു ശ്യാമിൻ്റെ മറുപടി. പക്ഷേ അതുകഴിഞ്ഞ് പെട്ടെന്ന് തന്നെ അദ്ദേഹം ഒരൊറ്റ സിനിമയിലൂടെ ഫേയ്മസായി. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പ്രേമലുവിൽ ശ്യാം വളരെ സൂപ്പറായി തന്നെ അഭിനയിച്ചിരുന്നു. ആ പടവും സൂപ്പറായിരുന്നു,’ ശിവകാർത്തികേയൻ പറഞ്ഞു.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് 'അമരൻ'. ചിത്രത്തിൽ സായ് പല്ലവിയുടെ സഹോദരനായാണ് ശ്യാം മോഹൻ എത്തുന്നത്.