കൊമ്പന്മാർ കുത്തുകൂടുമ്പോൾ വിജയ് ദേവരകൊണ്ട കാരവാനിൽ: ജോമോൻ ടി ജോൺ
ലാസ്റ്റ് ഷോട്ടിന്റെ റീടേക് സമയത്താണ് കൊമ്പന്മാർ കുത്തുകൂടിയതെന്ന് ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ. ഈ സമയത്ത് വിജയ് ദേവരകൊണ്ട കാരവാനിൽ ആയിരുന്നു. വിജയ് ദേവരകൊണ്ടയുടെ ഡ്യൂപ്പിനെ വച്ചായിരുന്നു ഷൂട്ടിംഗ്. നടൻ അങ്ങോട്ട് വരാനിരിക്കവെയാണ് ആനകൾ കുത്തുകൂടിയത് എന്നാണ് ജോമോൻ പറഞ്ഞിരിക്കുന്നത്.
അഞ്ച് ആനകളെയാണ് ഷൂട്ടിംഗിനായി എത്തിച്ചിരുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ചങ്ങലകൾ അഴിച്ചുമാറ്റി ആനകൾ റോഡ് കുറുകെ കടക്കുന്ന സീൻ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മണികണ്ഠൻ എന്ന കൊമ്പൻ, സാധു എന്ന കൊമ്പനെ കുത്തിയത്. കുത്തേറ്റ സാധു കാട്ടിലേക്ക് ഓടുകയായിരുന്നു.
മണികണ്ഠന്റെ കുത്തേറ്റിട്ടും ആദ്യം നേരത്തെ നിന്ന സ്ഥലത്തേക്ക് സാധു തിരിച്ച് എത്തിയിരുന്നു. രണ്ടാമത്തെ കുത്ത് കുറച്ച് ശക്തിയേറിയതായിരുന്നു. ഇതിനെ തുടർന്നാണ് പുതുപ്പള്ളി സാധു കാടുകയറിയത്. ആനയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു.
ലാസ്റ്റ് ഷോട്ടിന്റെ റീടേക് സമയത്താണ് സംഭവമുണ്ടായത്. എല്ലാ വശത്തും കാടാണ്, നടുവിൽ ഒരു റോഡ് മാത്രമേയുള്ളൂ. എല്ലാവരും പേടിച്ചോടി. കൂടെ ജോലി ചെയ്യുന്ന ഒരാൾ ക്യാമറയുമായി വീണു. ആർക്കും പരിക്കുകളൊന്നുമില്ല. കേരളത്തിൽ ഒരു മാസത്തെ ഷൂട്ടാണ് ചാർട്ട് ചെയ്തിരുന്നത്.
ഇതിന്റെ പകുതിയേ പൂർത്തിയായിട്ടുള്ളൂ. രണ്ട് ദിവസം കൂടിയേ ഇവിടെ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സമാധാനപരമായാണ് ഷൂട്ടിംഗ് പുരോഗമിച്ചതെന്നും ജോമോൻ വ്യക്തമാക്കി. അതേസമയം, കാട് കയറിയ പുതുപ്പള്ളി സാധുവിനെ റോഡിൽ നിന്ന് 200 മീറ്റർ അകലെ വച്ചാണ് വനംവകുപ്പ് സംഘം കണ്ടെത്തിയത്.